ന്യൂയോര്‍ക്ക്: അമേരിക്കയിലെ സംഘടനാ ചരിത്രത്തിനു തുടക്കം കുറിച്ച കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് സുവര്‍ണജൂബിലി ആഘോഷം സംഘടിപ്പിച്ചു. ബെത്ത് പേജിലെ സീറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ വെച്ചായിരുന്നു പരിപാടികള്‍ നടന്നത്. മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മുഖ്യാതിഥിയായിരുന്നു. 

To advertise here,

അമ്പത് വര്‍ഷം മുന്‍പ് സമാജത്തിന്റെ പ്രസിഡന്റായി ആദ്യ തിരി തെളിയിച്ച പ്രൊഫ. ജോസഫ് ചെറുവേലി സംസാരിച്ചു. ആഘോഷം ഉദ്ഘാടനം ചെയ്ത മലയാളി കൂടിയായ സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ് മലയാളി സമൂഹം കൈവരിച്ച നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി. നാല് വര്‍ഷം മുന്‍പ് താന്‍ സ്റ്റേറ്റ് സെനറ്റര്‍ ആയ ശേഷം രാഷ്ട്രീയത്തില്‍ ഉണ്ടായ മാറ്റങ്ങളും അദ്ദേഹം വിവരിച്ചു. മലയാളി ഹെറിറ്റേജ് മന്ത് ആയി മെയ് മാസം പ്രഖ്യാപിച്ചു. ഇപ്പോള്‍ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലറായി മലയാളിയായ ശേഖര്‍ കൃഷ്ണന്‍, റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്‌ളേറ്റര്‍ ഡോ. ആനി പോള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

ഇറാനില്‍ നിന്ന് അഭയാര്‍ത്ഥിയായി വന്ന സ്റ്റേറ്റ് സെനറ്റര്‍ അന്ന കപ്ലാന്‍ സംഘടനക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കേരള സമാജം പ്രസിഡന്റ് പോള്‍ പി. ജോസ് സംഘടനയുടെ വര്ഷങ്ങളിലൂടെയുള്ള പ്രയാണം വിവരിച്ചു. ശശി തരൂര്‍ എം.പിക്ക് വരാനായില്ലെങ്കിലും അദ്ദേഹം വീഡിയോ സന്ദേശം അയച്ചു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ ഷാജു സാം നന്ദി പ്രകാശിപ്പിച്ചു. ചടങ്ങില്‍ മുന്‍ പ്രസിഡന്റുമാരെയും ഇപ്പോഴത്തെ എക്‌സിക്യൂട്ടീവിനെയും ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളെയും ആദരിച്ചു. സ്‌നേഹ വിനോയ് അമേരിക്കന്‍ ദേശീയഗാനവും അപര്‍ണ ഷിബു ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. സമാജം സെക്രട്ടറി മേരി ഫിലിപ്പ് സ്വാഗതം ആശംസിച്ചു. ഡിന്‍സില്‍ ജോര്‍ജ്, ഷെറിന്‍ എബ്രഹാം, സിബി ഡേവിഡ് എന്നിവരായിരുന്നു എംസിമാര്‍.

ജൂബിലി സുവനീര്‍ അല്‍ഫോന്‍സ് കണ്ണന്താനം പ്രൊഫ.ചെറുവേലിക്കു കോപ്പി നല്‍കി പ്രകാശനം ചെയ്തു. സുവനീര്‍ എഡിറ്റര്‍ ബിജു കൊട്ടാരക്കര കോപ്പി കൈമാറി. ബിന്ധ്യ ശബരി സംവിധാനം ചെയ്ത മയൂര സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി.

വാര്‍ത്തയും ഫോട്ടോയും : കോരസണ്‍ വര്‍ഗീസ്