അസര്‍ബൈജാന്‍ (ബാക്കു): കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് മാറ്റിവച്ച 2021 ലെ ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ നവംബര്‍ 20 ഞായറാഴ്ചയും 2022 ലെ ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ നവംബര്‍ 22 ചൊവാഴ്ചയും അസര്‍ബൈജാനിലെ ബാക്കുവില്‍ നടക്കുന്ന ചടങ്ങുകളില്‍ സമ്മാനിക്കും. പുരസ്‌കാരദാന ചടങ്ങുകളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍ പങ്കെടുക്കും.

To advertise here,

ഞായറാഴ്ച വൈകീട്ട് 7 ന് ബാക്കു ഹയാത്ത് റീജന്‍സി ഹോട്ടലില്‍ നടക്കുന്ന 16 - ാമത് ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരദാന ചടങ്ങില്‍ അസര്‍ബൈജാന്‍ പാര്‍ലമെന്റ് അംഗം പ്രൊഫ.റുഫാത് ഗുലിയേവ്, മൊറോക്കോ അംബാസിഡര്‍ മൊഹമ്മദ് ആദില്‍ എമ്പാഷ്, ബാക്കുവിലെ  ഇന്ത്യന്‍ എംബസി അംബാസിഡര്‍ ഇന്‍-ചാര്‍ജ് വിനയ് കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ബാക്കുവിലെ ലാന്‍ഡ്മാര്‍ക്ക് ഹോട്ടലില്‍ ചൊവ്വാഴ്ച വൈകീട്ട് 7 മണിക്ക് നടക്കുന്ന 17 -ാമത് ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരദാന ചടങ്ങില്‍ അസര്‍ബൈജാന്‍ പാര്‍ലമെന്റ് അംഗം റാസി നുറുല്ലയെവ്, ഇസ്രായേല്‍ അംബാസിഡര്‍ ജോര്‍ജ് ഡീക്, ക്രൊയേഷ്യ അംബാസിഡര്‍ ബ്രാങ്കോ സെബിക്, ഇന്ത്യന്‍ എംബസി കള്‍ച്ചറല്‍ സെക്രട്ടറി അജയ് പാണ്ഡേ എന്നിവരാണ് വിശിഷ്ടാതിഥികള്‍.

സ്വപ്രയത്നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാന്‍ ബെംഗളൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്. മുന്‍ വര്‍ഷങ്ങളില്‍, 23 രാജ്യങ്ങളില്‍ നിന്നുള്ള 78 പ്രവാസി മലയാളികള്‍ക്കും 11 മലയാളി സംഘടനകള്‍ക്കും 2 പ്രവാസി മലയാളി സംരംഭങ്ങള്‍ക്കും ഗര്‍ഷോം അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യ, ജപ്പാന്‍, മലേഷ്യ, കുവൈത്ത്, യു എ ഇ, നോര്‍വേ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങള്‍ മുന്‍ ഗര്‍ഷോം അവാര്‍ഡ് ദാനച്ചടങ്ങുകള്‍ക്കു ആതിഥ്യമരുളിയിട്ടുണ്ട്.