ദുബായ്: കടുത്ത വേനൽ അവസാനിക്കുന്നുവെന്ന സൂചന നൽകി, സുഹൈൽ നക്ഷത്രം ഉദിച്ചിട്ടും യു.എ.ഇ.യിൽ കൊടുംചൂട് കുറയുന്നില്ല. രാജ്യത്ത് പകൽ താപനില വീണ്ടും 50 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. സെപ്റ്റംബർ പകുതിവരെ രാജ്യത്ത് ഉയർന്ന താപനില തുടരുമെന്നാണ് നിലവിലെ വിലിയിരുത്തൽ.
സുഹൈൽ നക്ഷത്രം ഉദിച്ചതോടെ ചൂട് ക്രമേണ കുറയുമെന്ന കണക്കുകൂട്ടലുകൾക്ക് വിരുദ്ധമാണ് യു.എ.ഇ.യിലെ നിലവിലെ കാലാവസ്ഥ. ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം രാജ്യത്തെ താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് 50.1 ഡിഗ്രി സെൽഷ്യൽഷ്യസാണ് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. അൽ ദഫ്റയിലെ അൽ ബദാ മേഖലയിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് അഞ്ചിന് 51.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ ശേഷം ആദ്യമായാണ് രാജ്യത്ത് ഇത്രയും ഉയർന്ന താപനില അനുഭവപ്പെടുന്നത്. 

To advertise here,

ഇന്നുച്ചയ്ക്ക് റുവൈസിൽ 47 ഡിഗ്രി സെൽഷ്യസും അൽ അജ്ബാൻ മേഖലയിൽ 46.7 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. സുഹൈൽ ഉദിച്ച് അഞ്ചാംദിവസം താപനില ഇത്രയും ഉയരുന്നത് സാധാരണമല്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. വരുംദിവസങ്ങളിലും ഉയർന്ന ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ മുന്നറിയിപ്പ് നൽകി. ഉഷ്ണ തരംഗത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. താപനിലയിൽ കാര്യമായ കുറവുണ്ടാകാൻ സെപ്റ്റംബർ പകുതിവരെ കാത്തിരിക്കേണ്ടിവരുമെന്നാണ് നിലവിലെ വിലയിരുത്തൽ.