കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് വൻതോതിൽ വർധിപ്പിച്ചു. ഈ മാസം 23-ന് തീരുമാനം നിലവിൽവരും. നിലവിലുള്ളവ പുതുക്കുന്നതിനും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. പ്രവാസികളുടെ ജീവിതച്ചെലവ് വർധിപ്പിക്കുന്ന തീരുമാനമാണ് കുവൈത്ത് സർക്കാരിന്റെ പ്രഖ്യാപനം. അടുത്ത ചൊവ്വാഴ്ച മുതൽ ആരോഗ്യ ഇൻഷുറൻസിലെ നിരക്കുവർധന നിലവിൽവരും.

To advertise here,

ആരോഗ്യ ഇൻഷുറൻസ് തുക 50 കുവൈത്ത് ദിനാറിൽനിന്ന് 100 ദിനാറാക്കിയാണ് ഉയർത്തിയത്. പുതിയ ഉത്തരവ് പ്രകാരം, താമസ അനുമതി ലഭിക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണ്. ആരോഗ്യ ഇൻഷുറൻസോ സർക്കാർ/സ്വകാര്യ ആരോഗ്യ ഗ്യാരണ്ടിയോ ഇല്ലാത്തവർക്ക് പ്രവേശന വിസ അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഡോക്ടറുടെ പ്രാഥമിക പരിശോധന, വിശദ പരിശോധനകൾ, ചികിത്സ, മരുന്ന് തുടങ്ങിയവ ഇൻഷുറൻസിൽ ഉൾപ്പെടും. 30 ലക്ഷത്തിലധികം പ്രവാസികളെ തീരുമാനം നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ.

എൻട്രി വിസകൾക്കും ആരോഗ്യ ഇൻഷുറൻസ് അനിവാര്യമാണ്. ടൂറിസം, ബിസിനസ്, മെഡിക്കൽ തുടങ്ങിയ വിസിറ്റ് വിസകൾക്ക് സ്വകാര്യ ഇൻഷുറൻസ് നിരക്കുകൾ ബാധകമായിരിക്കും. സർക്കാർ-സ്വകാര്യ മേഖല തൊഴിലാളികൾ, വിദേശ നിക്ഷേപകർ, സ്വയം സ്‌പോൺസർ ചെയ്യുന്ന പ്രവാസികൾ, വിദേശ വിദ്യാർഥികൾ, കുടുംബ വിസയിൽ എത്തുന്ന ആശ്രിതർ, പുതുതായി താമസ അനുമതി ലഭിക്കുന്ന മുൻപ് രേഖകളില്ലാതിരുന്നവർ എന്നിവർക്കെല്ലാം വർഷം 100 ദിനാറാണ് നിരക്ക്. കൃഷി തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, വളർത്തുമൃഗങ്ങളെ നോക്കുന്ന തൊഴിലാളികൾ തുടങ്ങിയ ചില വിഭാഗങ്ങൾക്ക് 10 ദിനാർ മാത്രമാണ് ഈടാക്കുക. കുവൈത്ത് പൗരന്മാരെ വിവാഹംചെയ്ത വിദേശ സ്ത്രീകൾ, വിദേശികളെ വിവാഹം ചെയ്ത കുവൈത്ത് സ്ത്രീകളുടെ മക്കൾ തുടങ്ങി ചില വിഭാഗങ്ങൾക്ക് ഇളവുണ്ട്.