പുണെ : ഓണം പ്രകൃതിയെ ചേർത്തുപിടിക്കുന്ന ആഘോഷമാണെന്ന് പ്രശസ്തകവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ പറഞ്ഞു. ഓണത്തിലെ പൂക്കളവും ഓണക്കോടിയും വിഭവസമൃദ്ധമായ സദ്യയും എല്ലാം പ്രകൃതിയെ ചേർത്ത് നിർത്തുന്നവയാണെന്നും പ്രകൃതി നമുക്ക് തരുന്ന വിഭവങ്ങൾ കൊണ്ടാണ് നമ്മൾ ഓണം ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കള്ളവും ചതിയും ആധികളും വ്യാധികളും ഇല്ലാത്ത, സമത്വസുന്ദരമായ ഒരു ഭരണകാലത്തിന്റെ പ്രതീകാത്മകതയാണ് ഓണത്തിൽ നിറഞ്ഞു നിൽക്കുന്നതെന്നും എവിടെയെല്ലാം മലയാളികൾ ഉണ്ടോ അവിടെയെല്ലാം ഓണം ആഘോഷിച്ചു വരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുണെ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടികളും 81-ാമത് വാർഷിക ദിനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വയലാർ ശരത്ചന്ദ്ര വർമ.
സമാജം പ്രസിഡൻറ് മധുനായർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സാഹിത്യ നിരൂപകനും ചരിത്രകാരനുമായ സജി എബ്രഹാം, ഹൃദ്രോഗ വിദഗ്ധൻ ഡോക്ടർ മനോജ് ദുരൈ രാജ് ,പുണെ കോർപറേഷൻ സഭാ നേതാവ് ഗണേഷ് ബിഡ്‌ക്കർ, മുൻ പി.എം.എഫ്. പ്രസിഡന്റും ട്രേഡ് യൂണിയൻ നേതാവുമായ രാജൻ നായർ, ഡോക്ടർ എസ്. ഗണേഷ് കുമാർ, സമാജം സെക്രട്ടറി ഗോപാലകൃഷ്ണൻനായർ എന്നിവരും പങ്കെടുത്തു.
ചടങ്ങിൽ ഡോക്ടറേറ്റ് പദവി ലഭിച്ച കേരളീയസമാജം അംഗവും അയോക്കി ഫേബ്രിക്കോൺ ഡയറക്ടറുമായ ഡോക്ടർ എസ്. ഗണേഷ് കുമാറിനെ ശരദ് ചന്ദ്ര വർമയും സമാജം ഭാരവാഹികളും ചേർന്ന് അനുമോദിച്ചു. തുടർന്ന് സമാജം കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. 'കേണൽ തിലകൻ വാസുദേവൻ, വിജയകുമാർ, സരസമ്മ വിജയകുമാർ, പ്രീതനായർ, സുരേശൻ, സി. സോമൻ, വാസുനായർ, കുര്യൻ തോമസ്, വിജയനായർ, വിജയം നായർ അനിൽ ജോർജ്, രാജേഷ് നായർ ,സുശീലനായർ, മഹേഷ് പൊതുവാൾ, പി. ഡി. ഡേവിഡ്, വിജയ് പൊതുവാൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടികൾ അവതരിപ്പിച്ചവരെ സമാജം സ്മൃതിചിഹ്നം നൽകി ഭാരവാഹികൾ ആദരിച്ചു. വിനീതാ അരുൺ അവതാരകയായിരുന്നു.
ഉച്ചയ്ക്ക് നടന്ന ഓണസദ്യക്കുശേഷം എസ്. ജാനകി- പി. ജയചന്ദ്രൻ അനുസ്മരണ പരിപാടി നടന്നു. എസ്. ഗണേഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.വി. ശങ്കരനാരായണൻ, യു.എൻ. പൊതുവാൾ, രാമകൃഷ്ണൻ പാലക്കാട്, രവീന്ദ്രൻ പച്ചിരിയൻ എന്നിവർ പി. ജയചന്ദ്രൻ - എസ്. ജാനകിയമ്മ എന്നിവരെ അനുസ്മരിച്ചു.
Published: 03 Sept 2026, 11:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented