കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാഇടവകയുടെ ആത്മീയ പ്രസ്ഥാനമായ ലഹരി- മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 14-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുവൈറ്റ് മെഡിക്കൽ അസോസിയേഷൻ, ഫോറം ഓഫ് ഇന്ത്യൻ ഡോക്ടേഴ്‌സ്, കുവൈറ്റ് ഹാർട്ട് ഫൗണ്ടേഷൻ, ഇന്ത്യൻ ഡെന്റൽ അലയൻസ് എന്നിവയുടെ സഹകരണത്തോടെ ജലീബ് ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ, ജനറൽ മെഡിസിൻ, ഓങ്കോളജി, ഗൈനക്കോളജി, ഡെർമറ്റോളജി, ഓർത്തോപീഡിക്, ഇഎൻടി, പീഡിയാട്രിക്, കാർഡിയോളജി, ന്യൂറോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിൽനിന്നുള്ള അമ്പതിൽപ്പരം വിദഗ്ധ ഡോക്ടർന്മാർ പങ്കെടുത്തു. കൂടാതെ നേത്രപരിശോധന, കാഴ്ചാശക്തി നിർണ്ണയം, ഇസിജി, കൊളസ്ട്രോൾ, അൾട്രാസൗണ്ട്, ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ എന്നിവയുടെ സൗജന്യ പരിശോധനയും ഉണ്ടായിരുന്നു.

To advertise here,

ക്യാമ്പിനോടനുബന്ധിച്ച് നടന്ന യോഗത്തിന്റെ ഉദ്ഘാടനം എഫ്ഐഡി പ്രസിഡന്റ് ഡോ. സമീർ ഹുമദ് നിർവഹിച്ചു. ലഹരി- മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റും സെന്റ് ഗ്രീഗോറിയോസ് മഹാഇടവക വികാരിയുമായ റവ. ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, വൈസ് പ്രസിഡന്റും ക്യാമ്പ് കോർഡിനേറ്ററുമായ എബി ശാമുവേൽ സ്വാഗതവും സെക്രട്ടറി റോയ് എൻ. കോശി നന്ദിയും രേഖപ്പെടുത്തി.

എഫ്ഐഡി ജനറൽ സെക്രട്ടറി ഡോ. ഫിലിപ്പോസ് ജോർജ്ജ്, ഐഡാക്ക് കമ്മ്യൂണിറ്റി വെൽഫെയർ കമ്മിറ്റി ചെയർ ഡോ. ജോഷിൻ സൂസൻ, സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാഇടവക സഹവികാരി റവ. ഫാ. മാത്യു തോമസ്, ഇടവക ട്രസ്റ്റി ദീപക് അലക്‌സ് പണിക്കർ, ഇടവക സെക്രട്ടറി ജേക്കബ് റോയി എന്നിവർ ആശംസകൾ അർപ്പിച്ചു.

ഡോ. ഹിഷാം (കുവൈറ്റ് ഹാർട്ട് ഫൗണ്ടേഷൻ), കെ.എസ്. വർഗീസ് (സിഇഒ, ഗൾഫ് അഡ്വാൻസ്ഡ് ട്രേഡിങ് കമ്പനി), ട്രഷറർ ജോൺ ജോർജ്, സാമുവേൽ കാട്ടൂർകളീക്കൽ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. കുവൈത്തിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ 350-ലധികം ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി.