കുവൈത്ത് സിറ്റി: കുവൈത്തിലെയും ബഹ്റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം. കുവൈത്തിനും ബഹ്റൈനും പുറമെ ഖത്തറിലും ആക്രമണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിക്കുകയായിരുന്നു.

To advertise here,

കുവൈത്തിലെ പ്രധാന അമേരിക്കൻ സൈനിക കേന്ദ്രങ്ങളായ ആരിഫ്ജാൻ, അലി അൽ സലേം എന്നിവയാണ് പ്രധാനമായും ആക്രമിക്കപ്പെട്ടത്. ഈ കേന്ദ്രങ്ങളിലെ സൈന്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും തകർക്കാൻ തങ്ങൾക്ക് സാധിച്ചുവെന്ന് ഇറാൻ അവകാശപ്പെട്ടു.

ഇറാന്റെ നീക്കത്തിന് പിന്നാലെ അമേരിക്കയും തിരിച്ചടി ആരംഭിച്ചു. ഇറാനിലെ 90 കേന്ദ്രങ്ങളിൽ തങ്ങൾ ആക്രമണം നടത്തിയതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. ബന്ദർ അബ്ബാസ്, സിരിക് എന്നിവിടങ്ങളിൽ സ്ഫോടനമുണ്ടായി. ചാബഹാർ,‍ ബുഷെഹർ, ഖുഷേം മേഖലകളിലും ആക്രമണം നടത്തി. പ്രതിരോധ സംവിധാനങ്ങളും ഡ്രോൺ കേന്ദ്രങ്ങളുമാണ് അമേരിക്ക ലക്ഷ്യമിട്ടത്.

ഇറാനെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികൾ തുടരുമെന്ന് യു.എസ്. വൈസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അമേരിക്ക വ്യക്തമാക്കി.

അതേസമയം, അമേരിക്കൻ ഭീഷണിക്ക് മുന്നിൽ തങ്ങൾ വഴങ്ങില്ലെന്ന് ഇറാൻ പ്രതികരിച്ചു. ഹോർമൂസ് കടലിടുക്കിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്ക ഈ ആക്രമണങ്ങൾ നിർത്തിയില്ലെങ്കിൽ അവർക്ക് വലിയ നഷ്ടങ്ങൾ സംഭവിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറും മുന്നറിയിപ്പ് നൽകി.