മനാമ: ഇലക്ട്രിക് കാറുകളുടെ നിരയിലെ ഏറ്റവും പുതിയ മോഡലായ വോള്‍വോയുടെ ഇ.എക്‌സ്.30 ബഹ്റൈനില്‍ പുറത്തിറക്കി. വിതരണക്കാരായ മോട്ടോര്‍സിറ്റിയാണ് കാര്‍ പുറത്തിറക്കിയത്. ബഹ്റൈന്‍ ഇന്‍ഷുറന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് കാറിന്റെ ലോഞ്ച് നടന്നത്. 

To advertise here,

വോള്‍വോ റീജിയണല്‍ ബിസിനസ് മാനേജര്‍ (മിഡില്‍ ഈസ്റ്റ്) ജോണ്‍ ഡഗ്ഗന്‍, ഇബ്രാഹിം കെ. കാനൂ (ഇ.കെ.കെ) ഡയറക്ടര്‍മാര്‍മാരായ വലീദ് ഇബ്രാഹിം കാനൂ, ഖാലിദ് കാനൂ, ഇസ കാനൂ എന്നിവര്‍ പങ്കെടുത്തു. കൂടാതെ മാനേജ്മെന്റ് അംഗങ്ങളും ഓട്ടോമോട്ടീവ് വ്യവസായത്തിലെ പ്രാദേശിക, അന്തര്‍ദേശീയ സംഘടനകളില്‍ നിന്നുള്ള നിരവധി ശ്രദ്ധേയ വ്യക്തിത്വങ്ങളും സന്നിഹിതരായി.

476 കിലോമീറ്റര്‍ ഇലക്ട്രിക് റേഞ്ചുള്ള ഇ.എക്‌സ്.30-യ്ക്ക് 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും. 26 മിനിറ്റിനുള്ളില്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന കാറില്‍ വോള്‍വോ ആപ്പ് വഴിയുള്ള കണക്റ്റിവിറ്റി, അഡാപ്റ്റീവ് ക്രൂയിസ് ഉള്‍പ്പെടുന്ന ഡ്രൈവര്‍ പിന്തുണ, ഡിജിറ്റല്‍ കീ ആക്സസ്, ബില്‍റ്റ്-ഇന്‍ ഗൂഗിള്‍ സേവനങ്ങള്‍, ഹര്‍മാന്‍ കാര്‍ഡണ്‍ പ്രീമിയം സൗണ്ട് ബാര്‍, 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

അടുത്തിടെ യു.എ.ഇയില്‍ സമാപിച്ച യു.എന്‍. അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തോത് പൂജ്യത്തിലെത്തിക്കാനുള്ള 'ബഹ്‌റൈന്‍ ബ്ലൂപ്രിന്റ്' പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് സുസ്ഥിര ഊര്‍ജ്ജ പദ്ധതിയെന്ന നിലയ്ക്ക് പുതിയ ഇലക്ട്രിക് കാറുകള്‍ മാര്‍ക്കറ്റിലെത്തുന്നത്. 

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക, കാലാവസ്ഥാ വ്യതിയാനം ചെറുക്കുക, പുതിയ ഹരിത സാമ്പത്തികത്തിന് സുസ്ഥിര അവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ മൂന്ന് കാര്യങ്ങള്‍ ഇതിലൂടെ നേടിയെടുക്കാന്‍ കഴിയും. 2035-ഓടെ ബഹ്‌റൈനിലെ കാര്‍ബണ്‍ ബഹിര്‍ഗമനം 30 ശതമാനം കുറയ്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.