മനാമ: ഫീബാ 3ഃ3 വേൾഡ് ടൂർ മനാമ മാസ്റ്റേഴ്‌സിൽ 'ബാസ്‌കറ്റ്സ് ബോൺ' ടീമിനെ വിജയികളായി പ്രഖ്യാപിച്ച് ശൈഖ് ഇസ ബിൻ അലി അൽ ഖലീഫ. ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റും, ഫീബാ 3ഃ3 വേൾഡ് ടൂർ മനാമ മാസ്റ്റേഴ്‌സ് സംഘാടക സമിതി ചെയർമാനുമായ ശൈഖ് ഇസ ബിൻ അലി അൽ ഖലീഫയാണ് വിജയികൾക്ക് കിരീടം സമ്മാനിച്ചത്. 'ദി അവന്യൂസ് ബഹ്റൈനിൽ' നടന്ന ടൂർണമെന്റ്, വൻ ജനപങ്കാളിത്തത്തോടെയാണ് രണ്ട് ദിവസങ്ങളിലായി പൂർത്തിയായത്. 'സ്‌കൈലൈനേഴ്സ്' ടീം രണ്ടാം സ്ഥാനവും, 'യുബി' ടീം മൂന്നാം സ്ഥാനവും നേടി. ടൂർണമെന്റിന്റെ സമാപന ദിവസം വിനോദസഞ്ചാര മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി, ബഹ്റൈൻ ബാസ്‌കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ അഹ്‌മദ് അൽ ഖലീഫ എന്നിവർ സന്നിഹിതരായിരുന്നു.

To advertise here,

'ബാസ്‌കറ്റ്സ് ബോൺ' ടീമിലെ ഫാബിയാൻ ഗീസ്മാന് 'മോസ്റ്റ് വാല്യുബിൾ പ്ലെയർ'പുരസ്‌കാരം വിനോദസഞ്ചാര മന്ത്രി സമ്മാനിച്ചു. 'ഡങ്ക് കോണ്ടസ്റ്റ്' വിജയിക്കുള്ള പുരസ്‌കാരം ബഹ്റൈൻ ബാസ്‌കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജെറമിയ വാക്കറിന് നൽകി. ഇന്റർനാഷണൽ ബാസ്‌കറ്റ്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന വേൾഡ് ടൂറിന്റെ ഭാഗമായി നടന്ന മനാമ മാസ്റ്റേഴ്‌സിൽ, കിരീടത്തിനും റാങ്കിംഗ് പോയിന്റുകൾക്കുമായി 15 ടീമുകൾ മാറ്റുരച്ചു. ഈ ടൂർണമെന്റോടെ, തുടർച്ചയായ നാലാം വർഷവും ഫീബാ 3ഃ3 വേൾഡ് ടൂർ ഇവന്റുകൾക്ക് ആതിഥേയത്വം വഹിക്കാൻ ബഹ്റൈന് സാധിച്ചു. 2023-ലും 2024-ലും മനാമയിൽ മാസ്റ്റേഴ്‌സ് മത്സരങ്ങൾ നടന്നിരുന്നു. കൂടാതെ 2025-ൽ ഫീബാ 3ഃ3 വേൾഡ് ടൂർ ഫൈനലിനും ബഹ്റൈൻ വേദിയായി. തുടർന്ന് ഈ വർഷം 'ദി അവന്യൂസ് ബഹ്റൈനിൽ' മാസ്റ്റേഴ്‌സ് മത്സരങ്ങൾ വീണ്ടും തിരിച്ചെത്തി.

മാനുഷിക പ്രവർത്തനങ്ങൾക്കും യുവജന കാര്യങ്ങൾക്കുമുള്ള രാജാവിന്റെ പ്രതിനിധിയും, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളെ ശൈഖ് ഇസ ബിൻ അലി അഭിനന്ദിച്ചു. വിജയികളായ ടീമിനെയും, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ടീമുകളെയും, വ്യക്തിഗത പുരസ്‌കാരങ്ങൾ നേടിയവരെയും ഷെയ്ഖ് ഇസ ബിൻ അലി അഭിനന്ദിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ പങ്കെടുത്ത ടീമുകൾ കാഴ്ചവെച്ച ഉന്നത നിലവാരത്തിലുള്ള പ്രകടനത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ടൂർണമെന്റ് സംഘടിപ്പിക്കുന്നതിൽ സഹകരിച്ച വിനോദസഞ്ചാര മന്ത്രാലയം, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി, ബഹ്റൈൻ ബാസ്‌ക്കറ്റ്ബോൾ അസോസിയേഷൻ, ഫിബ എന്നിവയ്ക്ക് ഷെയ്ഖ് ഇസ ബിൻ അലി നന്ദി അറിയിച്ചു. പരിപാടിക്ക് വേദിയൊരുക്കിയ 'ദി അവന്യൂസ് ബഹ്റൈൻ' എന്ന സ്ഥാപനത്തെയും, പിന്തുണ നൽകിയ സ്‌പോൺസർമാരെയും പങ്കാളികളെയും അദ്ദേഹം അഭിനന്ദിച്ചു.

കോർട്ടുകൾ ഒരുക്കുന്നതിലും, ടീമുകളെ സ്വീകരിക്കുന്നതിലും, കാണികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിലും സംഘാടക സമിതിയും വിവിധ ഉപസമിതികളും വോളന്റിയർമാരും നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഓരോ കാര്യത്തിലും അവർ കാണിച്ച സൂക്ഷ്മമായ ശ്രദ്ധ, ടൂർണമെന്റിന്റെ വിജയത്തിനും, ബഹ്റൈൻ രാജ്യത്തിന് അനുയോജ്യമായ രീതിയിലുള്ള അതിന്റെ നടത്തിപ്പിനും വലിയ സംഭാവന നൽകിയെന്ന് അദ്ദേഹം പറഞ്ഞു.