മനാമ: 'ജീവിത വിജയത്തിന് ഖുർആൻ' എന്ന പ്രമേയത്തിൽ ഒക്ടോബർ 15 മുതൽ നവംബർ 20വരെ ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ നടത്തുന്ന ക്യാമ്പയിന്റെ മനാമ ഏരിയ ഉദ്ഘാടനം സിഞ്ചിലെ ഫ്രൻഡ്സ് സെന്ററിൽ സംഘടിപ്പിച്ചു. കേന്ദ്ര പ്രസിഡന്റ് സുബൈർ എം.എം ഉദ്ഘാടനം നിർവഹിച്ചു.

To advertise here,

മനുഷ്യജീവിതത്തിലെ എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ വിശുദ്ധ ഖുർആനിക അധ്യാപനങ്ങൾ ഉൾക്കൊണ്ട് ജീവിക്കുകയാണ് പോംവഴിയെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി വിഷയാവതരണം നടത്തി. നിത്യജീവിതത്തിലെ പ്രതിസന്ധികളെയും മാനസിക സംഘർഷങ്ങളെയും അതിജീവിക്കാൻ ഖുർആൻ നൽകുന്ന മാർഗനിർദേശങ്ങൾ ഏറെ സഹായകരമാണെന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി.

ജീവിത വിശുദ്ധിയും കുടുംബബന്ധങ്ങളിലെ ഊഷ്മളതയും സാമൂഹിക ജീവിതത്തിലെ നീതിബോധവുമാണ് ഖുർആൻ മുന്നോട്ടുവെക്കുന്നത്. ഭൗതിക നേട്ടങ്ങൾക്കൊപ്പം ആത്മീയമായ സമാധാനവും കൈവരിക്കുമ്പോഴാണ് യഥാർഥ ജീവിത വിജയം സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനാമ ഏരിയ ആക്ടിംഗ് പ്രസിഡന്റ് റിയാസ് യു.കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ. എം.സി.സി നേതാക്കളായ കെപി മുസ്തഫ, ഫൈസൽ കോട്ടപ്പള്ളി, സലിം തളങ്കര എന്നിവർ ആശംസകൾ നേർന്നു. തഹിയ്യ ഫാറൂഖിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ഏരിയാ ജോ. സെക്രട്ടറി ഫാറൂഖ് വി.പി സ്വാഗതവും ഏരിയാ സെക്രട്ടറി ശമീം ജൗദർ നന്ദിയും പറഞ്ഞു. ഗഫൂർ മൂക്കുതല ഗാനമാലപിച്ചു.