മനാമ: 'കൊച്ചി ഡയലോഗ് 2026'-ന്റെ രണ്ടാം പതിപ്പ് നവംബർ 18 മുതൽ 20വരെ കൊച്ചിയിലെ താജ് വിവന്തയിൽ നടക്കും. ഇന്ത്യയിൽ നിന്നും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നിന്നുമുള്ള നയരൂപകർത്താക്കൾ, നയതന്ത്രജ്ഞർ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, ഗവേഷകർ, അക്കാദമിക് വിദഗ്ധർ എന്നിവരെ ഒന്നിപ്പിക്കുന്ന ഈ സംവാദം, ഇരുപക്ഷത്തിനും പൊതുവായ സാമ്പത്തിക, തന്ത്രപരമായ മുൻഗണനാ വിഷയങ്ങളിൽ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്, ഇന്ത്യാ ഗവൺമെന്റിന്റെ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പോളിസി പ്ലാനിംഗ് ആൻഡ് റിസർച്ച് വിഭാഗം എന്നിവ സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയും ജിസിസിയിലെ ആറ് അംഗരാജ്യങ്ങളായ ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനുള്ള അവസരങ്ങൾ പരിശോധിക്കാൻ ഈ സംവാദം ഒരു വേദിയൊരുക്കും.
2026-ലെ പതിപ്പ് തന്ത്രപരമായ സുരക്ഷ, കൃത്രിമ ബുദ്ധി, വിദ്യാഭ്യാസം, നവീകരണം, തുറമുഖങ്ങളും ലോജിസ്റ്റിക് അടിസ്ഥാന സൗകര്യങ്ങളും, വിതരണ ശൃംഖല ബന്ധങ്ങൾ, നിക്ഷേപവും മൂലധന ഒഴുക്കും, ഊർജ സുരക്ഷ, പുനരുപയോഗ ഊർജം എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യയുടെയും ജിസിസി രാജ്യങ്ങളുടെയും പൊതു താത്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഈ വിഷയങ്ങളിൽ, നിക്ഷേപ സാധ്യതകൾ, ബിസിനസ് സഹകരണം, സാമ്പത്തിക ബന്ധങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കും.
2025 ജനുവരിയിൽ നടന്ന ആദ്യ പതിപ്പ്, ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രിയും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രിയുമായ കീർത്തി വർദ്ധൻ സിംഗ് ഉദ്ഘാടനം ചെയ്തു. അന്ന് ജിസിസി സെക്രട്ടറി ജനറലായിരുന്ന ജാസിം മുഹമ്മദ് അൽ ബുദൈവി ചടങ്ങിൽ പ്രത്യേക പ്രഭാഷണം നടത്തിയിരുന്നു. ഇന്ത്യയിൽ നിന്നും ഗൾഫ് മേഖലയിൽ നിന്നുമുള്ള വിവിധ പങ്കാളികൾ ഒത്തുചേർന്ന്, പൊതുവായ മുൻഗണനകളെക്കുറിച്ചും സഹകരണത്തിനുള്ള അവസരങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ ആ പരിപാടി വഴിയൊരുക്കി.
ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള ദീർഘകാല ചരിത്രപരവും വ്യാപാരപരവും സാംസ്കാരികവുമായ ബന്ധങ്ങളെ അടിസ്ഥാനമാക്കി, സർക്കാർ, ബിസിനസ്, അക്കാദമിക്, തന്ത്രപരമായ മേഖലകളിൽ പരസ്പര ധാരണ വളർത്താനും പ്രായോഗിക സഹകരണം പ്രോത്സാഹിപ്പിക്കാനും 'കൊച്ചി ഡയലോഗ് 2026' ലക്ഷ്യമിടുന്നു.
Content Highlights: kochi-dialogue-2026-india-gcc-cooperation
Published: 20 Oct 2026, 08:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented