മനാമ:കേരള സർക്കാർ, നോർക്ക മുഖേന നടപ്പാക്കുന്ന കെയർ പ്രീമിയം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവാസികൾക്കിടയിൽ ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ, പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആവിഷ്‌കരിക്കുന്ന പദ്ധതികൾ അവർക്കു സഹായകരമാകുന്നതായിരിക്കണം. എന്നാൽ അധിക പ്രീമിയം അടയ്‌ക്കേണ്ടിവരുന്നത് സാധാരണക്കാരായ പ്രവാസികൾക്കും കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്നവർക്കും കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നവർക്കും തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

To advertise here,

 

വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഉയർന്ന ജീവിതച്ചെലവ്, കുടുംബച്ചെലവുകൾ, നാട്ടിലെ സാമ്പത്തിക ബാധ്യതകൾ എന്നിവയ്ക്കിടയിലാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ഈ സാഹചര്യത്തിൽ അധിക പ്രീമിയം ബാധ്യത അടിച്ചേൽപ്പിക്കുന്നത് പ്രവാസികളുടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും.

 

പ്രവാസികളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികൾ കൂടുതൽ ലളിതവും എല്ലാവർക്കും പ്രാപ്യവും സാമ്പത്തികമായി താങ്ങാനാകുന്നതുമായ രീതിയിൽ നടപ്പാക്കണം. അതിനാൽ നിലവിലെ കെയർ പ്രീമിയം പദ്ധതി പുനഃപരിശോധിച്ച്, പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന രീതിയിലുള്ള പദ്ധതി നിർത്തലാക്കുകയോ കൂടുതൽ പ്രവാസിസൗഹൃദമാക്കുകയോ ചെയ്യണമെന്ന് അസോസിയേഷൻ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രവാസികളുടെ അഭിപ്രായങ്ങൾ പരിഗണിച്ചും പ്രവാസി സംഘടനകളുമായി ചർച്ച നടത്തിയും മാത്രമേ ഇത്തരം പദ്ധതികളിൽ മാറ്റങ്ങൾ വരുത്താവൂ. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം അവരുടെ സാമ്പത്തിക താൽപ്പര്യങ്ങളും സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ അഭ്യർഥിച്ചു.