മനാമ: ബഹ്റൈൻ പ്രതിഭ സൽമാബാദ് മേഖല സിത്ര യൂണിറ്റിന്റെ നേതൃത്വത്തിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച 'സമ്പൂർണ്ണ പ്രമേഹ ആരോഗ്യ മെഡിക്കൽ ക്യാമ്പ്' വിപുലമായ ജനപങ്കാളിത്തം കൊണ്ടും സമഗ്രമായ ആരോഗ്യപരിശോധനാ സൗകര്യങ്ങൾ കൊണ്ടും ശ്രദ്ധേയമായി. സൽമാനിയ ബഹ്റൈൻ പ്രതിഭ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിൽ ഇരുനൂറിലധികം പേർ പങ്കെടുത്ത് വിവിധ ആരോഗ്യപരിശോധനകളുടെയും വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങളുടെയും പ്രയോജനം നേടി.

To advertise here,

പ്രമേഹരോഗം മൂലം ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർക്കും പ്രമേഹം വരാനുള്ള സാധ്യതയുള്ളവർക്കും രോഗപ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, തുടർപരിചരണം എന്നിവ സംബന്ധിച്ച അവബോധം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രവാസി സമൂഹത്തിൽ വർധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനൊപ്പം സാധാരണക്കാർക്ക് വിദഗ്ധ ചികിത്സകരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള അവസരമായും ക്യാമ്പ് മാറി. പ്രമേഹവുമായി ബന്ധപ്പെട്ട നേത്രരോഗങ്ങൾ, ദന്തസംബന്ധമായ പ്രശ്‌നങ്ങൾ, പാദങ്ങളിലെ നാഡി സംബന്ധമായ തകരാറുകൾ തുടങ്ങിയവ കണ്ടെത്തുന്നതിനുള്ള വിശദമായ പരിശോധനകൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. പ്രമേഹരോഗികൾക്ക് ഉണ്ടാകാനിടയുള്ള സങ്കീർണതകൾ നേരത്തേ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയും കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യവും വിദഗ്ധർ വിശദീകരിച്ചു.

അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടറും ഇന്റേണൽ മെഡിസിൻ വിദഗ്ധനുമായ ഡോ. എഡ്വിൻ രത്നരാജ്, ഡോ. ബാബു രാമചന്ദ്രൻ, ജനറൽ ഫിസിഷ്യൻ ഡോ. ചാമു, നേത്രരോഗ വിദഗ്ധൻ ഡോ. മനോജ് കുര്യൻ, ദന്തരോഗ വിദഗ്ധൻ ഡോ. കൽവാ പവൻകുമാർ, ഫൂട്ട് സ്‌ക്രീനിംഗ് വിഭാഗത്തിലെ ദീപ, ന്യൂട്രീഷൻ ശ്രുതി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകളും ആരോഗ്യബോധവൽക്കരണ പ്രവർത്തനങ്ങളും നടന്നത്. ആശുപത്രിയിലെ നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും ക്യാമ്പിൽ സേവനമനുഷ്ഠിച്ചു.

ബഹ്റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, രക്ഷാധികാരി സമിതി അംഗങ്ങളായ രാജേഷ് ആറ്റടപ്പ, കെ. എം. സതീഷ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നിഷ സതീഷ്, ജയകുമാർ ആർ., രഞ്ജിത് പൊൻകുന്നം, ജോഷി ഗുരുവായൂർ, കേന്ദ്ര വനിതാവേദി വൈസ് പ്രസിഡന്റ് ദിവ്യ രഞ്ജിത്ത്, മേഖല ഹെൽപ്പ് ലൈൻ കൺവീനർ ജയ്‌സൺ തുടങ്ങിയവരും സിത്ര യൂണിറ്റ് ഭാരവാഹികളായ ശ്രീജിത്ത് കെ, ജിതിൻ ഏബ്രഹാം, രാജീവ് തളിപ്പറമ്പ്, അനിൽ കുമാർ നന്ദനം, റോജർ ആൽബർട്ട്, ഓമനക്കുട്ടൻ, സിയാദ് അബ്ദുൾ ഹസ്സൻ, അശ്വതി എന്നിവരും ക്യാമ്പിന്റെ സംഘാടനത്തിനും വിവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.