മനാമ: പ്രവാസജീവിതം അവസാനിപ്പിച്ച് ഉടൻ നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്‌റൈൻ ജനറൽ സെക്രട്ടറി അരുൺ പ്രകാശിന് സംഘടനയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. കെ.പി.എഫിന്റെ സംഘടനാ പ്രവർത്തനങ്ങളിലും ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അരുൺ പ്രകാശിന്റെ നിസ്വാർത്ഥ സേവനങ്ങളെയും നേതൃത്വപാടവത്തെയും സഹപ്രവർത്തകർ ചടങ്ങിൽ അനുസ്മരിച്ചു.

To advertise here,

2025-26 കാലയളവിലെ കെ.പി.എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരുൺ പ്രകാശിന് സ്‌നേഹാദരസൂചകമായി മെമെന്റോ സമ്മാനിച്ചു. സംഘടനയുടെ വളർച്ചയ്ക്കും അംഗങ്ങൾക്കിടയിലെ ഐക്യത്തിനും വിവിധ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനും അദ്ദേഹം നൽകിയ വിലപ്പെട്ട സംഭാവനകളെ കമ്മിറ്റി അഭിനന്ദിച്ചു.

കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുനിലത്ത് അരുൺ പ്രകാശിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. സംഘടനയുടെ ഓരോ പ്രവർത്തനത്തിലും ഉത്തരവാദിത്തബോധത്തോടെയും ആത്മാർത്ഥതയോടെയും സഹകരിച്ചിരുന്ന അരുൺ പ്രകാശ് മികച്ച സംഘാടകനും സഹപ്രവർത്തകനുമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിസന്ധിഘട്ടങ്ങളിൽ പ്രവാസി സമൂഹത്തിന് സഹായഹസ്തം നീട്ടുന്നതിലും സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും അരുൺ പ്രകാശ് നൽകിയ പിന്തുണയും സഹകരണവും എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്ടിംഗ് ജനറൽ സെക്രട്ടറി രമ സന്തോഷ്, ട്രഷറർ സുജിത്ത് സോമൻ, മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അരുൺ പ്രകാശിന് ആശംസകൾ നേർന്നു.

ബഹ്‌റൈനിലെ പ്രവാസജീവിതത്തിനിടയിൽ രൂപപ്പെട്ട സൗഹൃദങ്ങളും ആത്മബന്ധങ്ങളും ഒരിക്കലും അവസാനിക്കുന്നതല്ലെന്നും, അരുൺ പ്രകാശ് നാട്ടിലേക്ക് മടങ്ങിയാലും കെ.പി.എഫ് കുടുംബത്തിന്റെ പ്രിയപ്പെട്ട അംഗമായി എന്നും തുടരുമെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. അരുൺ പ്രകാശിനും കുടുംബത്തിനും സന്തോഷവും സമാധാനവും ആരോഗ്യവും വിജയവും നിറഞ്ഞ പുതിയൊരു ജീവിതഘട്ടം ആശംസിച്ചുകൊണ്ടാണ് ചടങ്ങ് സമാപിച്ചത്.