മനാമ: ബഹ്റൈന്‍ സല്‍മാനിയ കാനു ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഗുരുദേവ സോഷ്യല്‍ സൊസൈറ്റി സംഘടിപ്പിച്ച എജുക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2025 വിതരണം വിദ്യാരംഭ ദിനത്തില്‍ അദ്ലിയയിലെ കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്നു. ചടങ്ങുകള്‍ ഗുരുദേവ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികളുടെ മികവ്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമര്‍പ്പിത സേവനം, അധ്യാപകരുടെ സമര്‍പ്പണം എന്നിങ്ങനെ സാമൂഹിക സേവനത്തിന്റെയും ഐക്യത്തിന്റെയും ആഴമുള്ള സന്ദേശം പകര്‍ന്നു നല്‍കുന്നതായിരുന്നു. അവാര്‍ഡ് ദാന ചടങ്ങുകള്‍ കേരള ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി ഐഎഎസ് ഉദ്ഘാടനം ചെയ്തു. യുവത്വത്തിന് പ്രചോദനമേകുന്ന അദ്ദേഹത്തിന്റെ മുഖ്യപ്രഭാഷണം വിദ്യാഭ്യാസം ഒരു തൊഴില്‍ മാര്‍ഗം മാത്രമല്ല, സമൂഹത്തിനെ കരുണയോടും സ്‌നേഹത്തോടും കൂടി ചേര്‍ത്തു പിടിക്കാനുള്ള ദൗത്യമാണെന്നുമുള്ള സന്ദേശം നല്‍കി .

To advertise here,

ജിഎസ്സ്എസ്സ് കുടുംബത്തിലെ 10, 12 ക്ലാസുകളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്കും, ബഹറിന്‍ ഐലന്‍ഡ് ടോപേഴ്‌സ് ആയ വിദ്യാര്‍ഥികള്‍ക്കും മെമെന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചത് ജിഎസ്എസ്-ന്റെ സമഗ്ര വിദ്യാഭ്യാസ കാഴ്ചപ്പാടുകളെയും കുട്ടികള്‍ക്ക് വേണ്ട പ്രോത്സാഹനത്തിന്റെ പ്രാധാന്യത്തെയും പ്രതിഫലിപ്പിച്ചു. അധ്യാപകരുടെ സമര്‍പ്പിത സേവനത്തിനും, കുട്ടികളുടെ മികച്ച വിജയത്തിനായും പ്രയത്‌നിക്കുന്ന ജിഎസ്സ്എസ്സ് കുടുംബത്തിലെ മറ്റ് അധ്യാപകരെയും ജിഎസ്സ്എസ്സ് മലയാളം പാഠശാലയിലെ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു.

ഇന്ത്യന്‍ സമൂഹത്തിന്റെ അഭിമാനവും കുട്ടികളുടെ നന്മയ്ക്കായി സമര്‍പ്പിതമായി പ്രവര്‍ത്തിക്കുന്നതിന്റെയും ഭാഗമായി, പ്ലാറ്റിനം ജുബിലി ആഘോഷിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ പ്രത്യേകമായി ആദരിക്കപ്പെട്ടു. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വര്‍ഗീസ് ഡോ. രാജു നാരായണ സ്വാമി ഐഎഎസ്സില്‍ നിന്നും മെമെന്റോ ഏറ്റുവാങ്ങി. ജിഎസ്എസ് ചെയര്‍മാന്‍ സനീഷ് കൂറുമുള്ളില്‍ സ്‌കൂളിനുള്ള പ്രശസ്തിപത്രം സമ്മാനിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പളനി സ്വാമി, സെക്രട്ടറി രാജപാണ്ഡ്യന്‍ മറ്റു ഐഎസ്ബി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, മുന്‍ ചെയര്‍മാന്‍മാരായ പ്രിന്‍സ് നടരാജന്‍, എബ്രഹാം ജോണ്‍ എന്നിവര്‍ സന്നിഹിതരായിരിന്നു.

ചടങ്ങില്‍ ജിഎസ്എസ്-ന്റെ പുതിയ ചാരിറ്റി പദ്ധതി 'ഗുരു കാരുണ്യ സ്പര്‍ശ'ത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശന കര്‍മ്മം ഡോ. രാജു നാരായണ സ്വാമി ബഹ്റൈന്‍ ശ്രീനാരായണ സമൂഹത്തിന്റെ രക്ഷാധികാരിയും പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും ജിഎസ്എസ് ഗുരുസ്മൃതി അവാര്‍ഡ് 2024 ജേതാവുമായ കെജി ബാബുരാജന് നല്‍കി നിര്‍വഹിച്ചു. അഡ്വ. ബിനു മണ്ണില്‍ വര്‍ഗീസ്, കെ.ജി. ബാബുരാജന്‍ എന്നിവര്‍ സംസാരിച്ചു.

ജിഎസ്എസ് കുടുംബാങ്ങളും കുട്ടികളും വിവിധ സാമൂഹിക സാംസകാരിക മേഖലയിലെ വ്യക്തിത്വങ്ങളും പങ്കെടുത്ത ചടങ്ങില്‍ ജിഎസ്എസ് ചെയര്‍മാന്‍ സനീഷ് കൂറുമുള്ളില്‍ അദ്ധ്യക്ഷത വഹിച്ചു. അദ്ദേഹം ശ്രീനാരായണ ഗുരുദേവന്റെ വിദ്യാഭ്യാസ ദര്‍ശനം ഉദ്ധരിച്ച് ജിഎസ്എസിന്റെ ദൗത്യം വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി ബിനുരാജ് രാജന്‍ സ്വാഗതം പറഞ്ഞു.

ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ജി.എസ്.എസ് കുടുംബാംഗവുമായ മിഥുന്‍ മോഹന്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ രാജ് കൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി.