മനാമ: ബഹ്‌റൈനിലുടനീളം 5 ജി, 4 ജി മൊബൈല്‍ നെറ്റ്​വര്‍ക്ക് സേവനം മെച്ചപ്പെടുത്തുന്നതിനായി ബാറ്റെല്‍കോ എറിക്‌സണുമായി ധാരണത്തിലെത്തി. ഇതിന്റെ ഭാഗമായി, ബാറ്റെല്‍കോ എറിക്‌സണിന്റെ റേഡിയോ ആക്‌സസ് നെറ്റ്​വര്‍ക്ക് ഉത്പന്നങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. 5 ജി സ്റ്റാന്‍ഡലോണ്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് യൂസ് കേസുകള്‍ പോലുള്ള നൂതന ആപ്ലിക്കേഷനുകളെ പിന്തുണയ്ക്കുന്നതിനായി ബാറ്റെല്‍കോ അതിന്റെ എറിക്‌സണ്‍ മീഡിയേഷന്‍ പ്ലാറ്റ്‌ഫോമിനെ ഏറ്റവും പുതിയ ക്ലൗഡ്-നേറ്റീവ് സാങ്കേതികവിദ്യയിലേക്ക് നവീകരിച്ചു. 

To advertise here,

ഈ വിപുലീകരണത്തിന്റെ ഭാഗമായി, ബാറ്റെല്‍കോ എറിക്‌സണിന്റെ ഏറ്റവും പുതിയ റേഡിയോ ആക്‌സസ് നെറ്റ്​വര്‍ക്ക് ഉത്പന്നങ്ങള്‍ വിന്യസിക്കുകയും നവീകരിക്കുകയും ചെയ്തു. വോയ്‌സ്, ഡാറ്റാ ട്രാഫിക്കിന്റെ വളര്‍ച്ചയെ നേരിടാനുള്ള ശേഷി വിപുലീകരിച്ചു. എറിക്‌സണിന്റെ നൂതനവും ഊര്‍ജ്ജ-കാര്യക്ഷമവുമായ സേവനങ്ങൾ സംയോജിപ്പിക്കുന്നതിലൂടെ ബാറ്റെല്‍കോയ്ക്ക് അതിന്റെ ടവറുകളില്‍ ആവശ്യമായ മൊത്തത്തിലുള്ള ഇടം കുറയ്ക്കാനും മൊത്തത്തിലുള്ള നെറ്റ്​വര്‍ക്കിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം 20 ശതമാനം വരെ ഊര്‍ജ്ജം ലാഭിക്കാനും കഴിയും. ബാറ്റെല്‍കോ അതിന്റെ എറിക്‌സണ്‍ മീഡിയേഷന്‍ പ്ലാറ്റ്‌ഫോമിനെ ഏറ്റവും പുതിയ ക്ലൗഡ്-നേറ്റീവ് സാങ്കേതികവിദ്യയിലേക്ക് നവീകരിച്ചു. ഇത് പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ഡാറ്റാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും രൂപകല്‍പന ചെയ്തിട്ടുള്ളതാണ്.

അത്യാധുനിക ഡിജിറ്റല്‍ സേവനങ്ങളും സാധ്യമായ ഏറ്റവും മികച്ച ഉപയോക്തൃ അനുഭവങ്ങളും ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനുള്ള ഞങ്ങളുടെ സമര്‍പ്പണത്തിന്റെ തെളിവാണ് ഈ നെറ്റ്​വര്‍ക്ക് വിപുലീകരണമെന്ന് ബാറ്റെല്‍കോ ചീഫ് ടെക്‌നോളജി ഓഫീസര്‍ റാഷിദ് മുഹമ്മദ് പറഞ്ഞു.

'ബാറ്റെല്‍കോയുമായുള്ള ഏറ്റവും പുതിയ നെറ്റ്​​വര്‍ക്ക് വിപുലീകരണം ഞങ്ങളുടെ പങ്കാളിത്തത്തിലെ മറ്റൊരു വിജയകരമായ നാഴികക്കല്ലാണെന്ന് എറിക്‌സണ്‍ മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഗള്‍ഫ് കൗണ്‍സില്‍ രാജ്യങ്ങളുടെ വൈസ് പ്രസിഡന്റും മേധാവിയുമായ നിക്കോളാസ് ബ്ലിക്‌സെല്‍ പറഞ്ഞു. നൂതന ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിലൂടെ, രാജ്യത്തെ ഉപഭോക്താക്കളുടെയും സംരംഭങ്ങളുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്ന അസാധാരണമായ കണക്റ്റിവിറ്റി പരിഹാരങ്ങള്‍ നല്‍കാനാണ് രണ്ട് കമ്പനികളും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.