മനാമ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിർ പുതിനും തമ്മില്‍ ചൊവ്വാഴ്ച രാവിലെ ടെലിഫോണ്‍ സംഭാഷണം നടന്നു. രണ്ട് സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള അടുത്ത ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണത്തിന്റെ വിവിധ വശങ്ങളും, പരസ്പര താത്പര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന എല്ലാ മേഖലകളിലും അവ വികസിപ്പിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള വഴികളും അവര്‍ അവലോകനം ചെയ്തു.

To advertise here,

സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ രാജ്യം ഔദ്യോഗിക അതിഥിയായി പങ്കെടുത്ത വേളയില്‍, മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കും വേണ്ടിയുള്ള രാജാവിന്റെ പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള ബഹ്റൈന്‍ പ്രതിനിധി സംഘത്തിന് നല്‍കിയ സ്വീകരണത്തിനും ആതിഥ്യ മര്യാദയ്ക്കും റഷ്യന്‍ പ്രസിഡന്റിനോട് രാജാവ് നന്ദി പറഞ്ഞു. മേഖലയിലും ലോകത്തും സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയ്ക്കായി പരിശ്രമിക്കേണ്ടതിന്റെയും, മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്ന രീതിയില്‍ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് നയതന്ത്ര പരിഹാരങ്ങളും സംഭാഷണങ്ങളും തേടേണ്ടതിന്റെയും പ്രാധാന്യവും രാജാവ് പ്രകടിപ്പിച്ചു. 

അടുത്ത ഒക്ടോബറില്‍ മോസ്‌കോയില്‍ ആദ്യത്തെ അറബ്-റഷ്യന്‍ ഉച്ചകോടി നടത്താൻ റഷ്യന്‍ ഫെഡറേഷൻ മുൻകൈയെടുത്തതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. സമാധാന ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും ആഗോള ഊര്‍ജ്ജ, സാമ്പത്തിക, സുരക്ഷ വെല്ലുവിളികളെ നേരിടാന്‍ പ്രവര്‍ത്തിക്കുന്നതിലും റഷ്യന്‍ പ്രസിഡന്റിന്റെ നിര്‍ണായക പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. റഷ്യന്‍ ഫെഡറേഷനുമായുള്ള സഹകരണവും അടുത്ത സൗഹൃദ ബന്ധവും ശക്തിപ്പെടുത്തുന്നതില്‍ ഹമദ് രാജാവ് കാണിക്കുന്ന താത്പര്യത്തിനു പ്രസിഡന്റ് വ്ളാദിമിർ പുതിന്‍ നന്ദി അറിയിച്ചു.