മനാമ: വേനലവധി കഴിഞ്ഞ് തിരിച്ചെത്തുന്ന കുട്ടികളെ കേരളത്തിലെ വിദ്യാലയങ്ങള്‍ വരവേറ്റ അതേ ദിവസം വിദേശ മണ്ണിലും പ്രൗഢഗംഭീരമായ പ്രവേശനോത്സവം. പുതിയ അധ്യയന വര്‍ഷത്തെ ക്ലാസ്സുകള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ബഹ്‌റൈന്‍ കേരളീയ സമാജം മലയാളം പാഠശാല ഒരുക്കിയ പ്രവേശനോത്സവത്തില്‍ ആയിരത്തിലധികം കുട്ടികളും രക്ഷിതാക്കളുമാണ് ഒത്തുചേര്‍ന്നത്. 

To advertise here,

1947-ല്‍ സ്ഥാപിതമായ ബഹ്‌റൈന്‍ കേരളീയ സമാജം 70-കളില്‍ത്തന്നെ മാതൃഭാഷാ ക്ലാസ്സുകള്‍ ആരംഭിച്ച വിദേശത്തെ ആദ്യ സംസ്‌കാരിക കൂട്ടായ്മയാണ് എന്ന് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും പറഞ്ഞു. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും ബഹ്‌റൈന്‍ കേരളീയ സമാജത്തിലാണ്. വിദേശ രാജ്യത്ത് ആദ്യമായി മലയാളം മിഷന്റെ പത്താം ക്ലാസ്സ് തുല്യത കോഴ്‌സായ 'നീലക്കുറിഞ്ഞി' പൂര്‍ത്തിയാക്കി സംസ്ഥാന പരീക്ഷാ ഭവന്‍ നടത്തിയ പരീക്ഷയെഴുതി വിജയിച്ച പഠിതാക്കളുള്ളതും സമാജം പാഠശാലയിലാണെന്ന് സംഘാടകര്‍ അറിയിച്ചു. 

കുട്ടികള്‍ അവതരിപ്പിച്ച ചെണ്ടമേളത്തോടെ ആരംഭിച്ച ചടങ്ങില്‍, സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ഭദ്രദീപം തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗങ്ങളും പാഠശാല ഭാരവാഹികളും കുട്ടികളുടെ പ്രതിനിധികളും പങ്കെടുത്ത ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രന്‍ നായര്‍, പാഠശാല പ്രിന്‍സിപ്പാള്‍ ബിജു എം. സതീഷ്, വൈസ് പ്രിന്‍സിപ്പള്‍മാരായ രജിത അനി, ലത മണികണ്ഠന്‍ എന്നിവര്‍ ആശംസകളും പാഠശാല കണ്‍വീനര്‍ സുനേഷ് സാസ്‌കോ നന്ദിയും അറിയിച്ചു. 

കുട്ടികളും അധ്യാപകരും ഭാഷാ പ്രവര്‍ത്തകരും ചേര്‍ന്നവതരിപ്പിച്ച സംഘഗാനം, സംഘനൃത്തം, ഗാനമാലിക തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. അന്താരാഷട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ ഭാഷാപഠിതാക്കള്‍ക്കായി സമാജം നടത്തിയ ഭാഷാ വ്യവഹാര മത്സരമായ അക്ഷരത്തോണിയിലും, മലയാളം മിഷന്‍ ആഗോളതലത്തില്‍ സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിലും വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടന്നു.