ഒട്ടാവ: ഹൈഡ്രോളിക് ഡോറിനിടയിൽ പെട്ട് ഞെരിഞ്ഞമര്‍ന്ന് ഒരു കുഞ്ഞ് ഗൊറില്ലയ്ക്ക് ജീവൻ നഷ്ടപ്പെട്ട ദാരുണമായ വാർത്തയാണ് കാനഡയിൽനിന്ന് വരുന്നത്. കാനഡയിലെ ആര്‍ബട്ടയിലുള്ള കാല്‍ഗറി മൃഗശാലയിൽ നവംബര്‍ 12-ന് ആണ് സംഭവം ഉണ്ടായത്. രണ്ടു വയസ്സുള്ള വെസ്റ്റേണ്‍ ലോലാന്‍ഡ് ഗൊറില്ലയായ ഐയറാണ് ചത്തത്. 

To advertise here,

ഗൊറില്ല കുഞ്ഞിന് പരിശീലനം നല്‍കുന്നതിനായി കൂട്ടില്‍നിന്ന് മാറ്റുന്നതിനിടെ ജീവനക്കാരൻ അബദ്ധത്തില്‍ കൂടിന്‍റെ ഹൈഡ്രോളിക് വാതിൽ അടച്ചതാണ് അപകടത്തിനിടയാക്കിയത്. മറ്റൊരു വാതിൽ അടയ്ക്കാൻ ശ്രമിക്കവെ സ്വിച്ച് മാറിപ്പോയതാണ് കുട്ടി ഗൊറില്ലയുടെ ജീവൻ നഷ്ടപ്പെടുത്തിയത്.

സംഭവം നടന്നയുടന്‍ മൃഗശാലയിലെ വെറ്ററിനറി സംഘം എത്തി അടിയന്തര ശുശ്രൂഷകൾ നൽകിയെന്നും എന്നാൽ തലയ്‌ക്കേറ്റ മാരകമായ മുറിവുകളെ തുടര്‍ന്ന് ഗൊറില്ല ചാവുകയായിരുന്നെന്നും മൃഗശാല അധികൃതർ പറഞ്ഞു. ചുരുങ്ങിയകാലം കൊണ്ട് ഐയർ മൃഗശാലാ അധികൃതരുടെ അരുമയായി മാറിയിരുന്നെന്നും ഐയര്‍ എന്നും തങ്ങളുടെ ഓര്‍മകളിലുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.

ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് അപകടത്തിലേക്ക് വഴിവെച്ചതെന്ന് മൃഗശാല അധികൃതർ സ്ഥിരീകരിച്ചു. അപകടം വരുത്തിവെച്ച ജീവനക്കാരനെ ചുമതലയിൽനിന്ന് മാറ്റിനിർത്തിയെന്നും അധികൃതർ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് നിരവധി കാല്‍ഗറി മൃഗശാലയ്ക്കെതിരേ വിമർശനങ്ങളും ഉയരുന്നുണ്ട്. മൃഗശാലയില്‍ വന്യജീവികളുടെ മരണനിരക്ക് ഉയര്‍ന്നതാണെന്ന് കനേഡിയന്‍ സംഘടനയായ ആനിമല്‍ ജസ്റ്റിസ് ആരോപിച്ചു. എന്നാൽ, മൃഗശാല അധികൃതർ ഇത് നിഷേധിച്ചു. മാനുഷികമായ അശ്രദ്ധകൊണ്ട് മൃഗങ്ങൾ ചാകുന്ന സംഭവം ഇവിടെ അത്യപൂര്‍വ്വമാണെന്ന് അവർ പറയുന്നു.