ഗാസ:  ഇസ്രയേൽ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഹമാസ് അംഗങ്ങള്‍ക്ക്  യഹിയ സിന്‍വാര്‍ നിര്‍ദേശം നല്‍കുന്ന വീഡിയോ അല്‍ ജസീറയാണ് പുറത്ത് വിട്ടത്. റാഫയിലെ താല്‍ക്കാലിക വസതിയിലേക്ക് സിന്‍വാര്‍ പ്രവേശിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് കാണാം. 

To advertise here,

വടികുത്തിപ്പിടിച്ചാണ് സിന്‍വാര്‍ നടക്കുന്നത്. ഒരു പുതപ്പുകൊണ്ട് തലയടക്കം മൂടിയിട്ടുണ്ട്.  കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച വീഡിയോ ആണിതെന്ന് കരുതപ്പെടുന്നു. ഇസ്രയേല്‍ സൈന്യം നേരത്തേ ഇവിടെ റെയ്ഡ് നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ സമയത്ത് സിന്‍വാര്‍ അവിടെയുണ്ടായിരുന്നില്ല. 

കഴിഞ്ഞ ഒക്ടോബറിലാണ് സിന്‍വാര്‍ കൊല്ലപ്പെട്ടത്. സിന്‍വാറിന്റെ അവസാന നിമിഷങ്ങളുടെ വീഡിയോ ഇസ്രയേല്‍ പുറത്തുവിട്ടിരുന്നു. തകര്‍ന്ന ഒരു അപാര്‍ട്ട്‌മെന്റിലെ പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ സോഫയില്‍ സിന്‍വാര്‍ ഇരിക്കുന്നതും കണ്ണ് മാത്രം കാണുന്ന രീതിയില്‍ മുഖവും തലയും തുണികൊണ്ട് മറച്ചിരിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. കെട്ടിടത്തിന്റെ ഭിത്തികള്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഡ്രോണ്‍ അടുത്തേക്ക് വരുമ്പോള്‍ കൈയിലിരുന്ന വടി അതിനുനേരെ എറിയുന്നതും വീഡിയോയിലുണ്ട്. ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നതിനുശേഷമാണ് കൊല്ലപ്പെട്ടത് സിന്‍വാര്‍ തന്നെയാണ് ഇസ്രയേല്‍ സ്ഥിരീകരിച്ചത്

2023 ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യഹിയ സിന്‍വാര്‍ ആയിരുന്നു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ 2024-ല്‍ ടെഹ്‌റാനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോഴാണ് ഹമാസ് പിന്‍ഗാമിയായി സിന്‍വാറിനെ അവരോധിച്ചത്. 

ഗാസ ആസ്ഥാനമായാണ് കാലങ്ങളായി സിന്‍വാര്‍ പ്രവര്‍ത്തിച്ചിരുന്നത്. 'തിന്മയുടെ മുഖ'മെന്ന് ഇസ്രയേല്‍ വിശേഷിപ്പിക്കുന്ന സിന്‍വാര്‍ 22 വര്‍ഷം ഇസ്രയേല്‍ തടവറയില്‍ കഴിഞ്ഞിട്ടുണ്ട്. ഹമാസ് പിടികൂടിയ ഇസ്രയേല്‍ സൈനികന്‍ ഗിലാദ് ഷാലിത്തിനെ വിട്ടയക്കാന്‍ പലസ്തീനി തടവുകാരെ മോചിപ്പിക്കണമെന്ന ധാരണയുടെ ഭാഗമായി 2011-ലാണ് സിന്‍വാര്‍ ജയിലില്‍നിന്ന് മോചിതനായത്. 2015-ല്‍ സിന്‍വാറിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. 1962-ല്‍ ഈജിപ്തിന്റെ നിയന്ത്രണത്തിലുള്ള ഖാന്‍ യൂനിസിലെ അഭയാര്‍ഥി ക്യാമ്പിലായിരുന്നു ജനനം.