ബെയ്ജിങ്: തായ്‌വാനുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന. വിഷയം ശ്രദ്ധാപൂർവം കൈകാര്യം ചെയ്തില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറിയിച്ചു. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ചൈനീസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

To advertise here,

തായ്‌വാനുമായി ബന്ധപ്പെട്ട പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചാൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം ഉടലെടുക്കാൻ സാധ്യതയുണ്ടെന്ന് ഷി ജിൻപിങ് ട്രംപിന് മുന്നറിയിപ്പ് നൽകിയതായി ചൈനീസ് സർക്കാർ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷി നിലപാട് കടുപ്പിച്ചത്. തായ്‌വാൻ കടലിടുക്കിലെ സമാധാനവും സ്ഥിരതയും ചൈന-യുഎസ് ബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണെന്നും ഷീ പറഞ്ഞതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

"തായ്‌വാൻ പ്രശ്നമാണ് ചൈന-യുഎസ് ബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം. ഇത് നന്നായി കൈകാര്യം ചെയ്താൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിൽ തുടരാൻ സാധ്യതയുണ്ട്. ഇത് തെറ്റായി കൈകാര്യം ചെയ്താൽ, രണ്ട് രാജ്യങ്ങളും സംഘർഷത്തിലേക്ക് വരാം. ഇത് ചൈന-യുഎസ് ബന്ധത്തെ അപകടകരമായ സാഹചര്യത്തിലേക്ക് തള്ളിവിടും - ഷി കൂട്ടിച്ചേർത്തു.

ഏഴു പതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ തർക്കമാണ് ചൈനയ്ക്കും തയ്‌വാനുമിടയിലുള്ളത്. തയ്‌വാൻ തങ്ങളുടെ പ്രദേശത്തിന്റെ അവിഭാജ്യഘടകമാണെന്ന് അവകാശപ്പെടുമ്പോഴും ഇതുവരെ തയ്‌വാൻ ദ്വീപിനെ ചൈന ഭരിച്ചിട്ടില്ല. എങ്കിലും ഒരു വിമത പ്രവിശ്യയായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ തയ്‌വാനെ ചൈനയുമായി ചേർക്കാനാണ് ശ്രമങ്ങൾ. സമാധാനപരമായ മാർഗങ്ങളോ ആവശ്യമെങ്കിൽ ബലപ്രയോഗം തന്നെയോ നടത്തുമെന്നാണ് ചൈനയുടെ പക്ഷം. എന്നാൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരും രണ്ടരക്കോടിയോളം ജനസംഖ്യയുമുള്ള തയ്‌വാൻ ചൈനീസ് അധീനത ഒരിക്കലും അംഗീകരിക്കുന്നില്ല. മേഖലയിലെ ചൈനീസ് അധിനിവേശത്തേയും ഇടപെടലുകളേയും തയ്‌വാൻ നിരന്തരം വിമർശിക്കുകയും അവകാശവാദങ്ങളെ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. അതേസമയം തയ്‌വാന്റെ പ്രതിരോധശേഷി വർധിപ്പിക്കാനായി അമേരിക്ക ആയുധങ്ങൾ കൈമാറുന്നത് നേരത്തേ തന്നെ ചൈനയെ പ്രകോപിപ്പിച്ചിരുന്നു.

തായ്‌വാനടക്കം ഒട്ടേറെ വിഷയങ്ങൾ ഷി ജിൻപിങ്- ട്രംപ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുന്നുണ്ട്. 2017-ലാണ് ഇതിനുമുൻപ്‌ ഒരു യു.എസ്. പ്രസിഡന്റ് ചൈന സന്ദർശിച്ചത്. ട്രംപ് തന്നെയാണ് ആ പ്രസിഡന്റ്. വ്യാപാരക്കരാറുമായി ബന്ധപ്പെട്ടായിരുന്നു അന്നത്തെ സന്ദർശനം.“ചൈനയെ തുറന്നുനൽകി, ചൈനക്കാർക്ക് അദ്‌ഭുതങ്ങൾ പ്രവർത്തിക്കാൻ അവസരം നൽകണമെന്ന് അസാധാരണ വകതിരിവുള്ള നേതാവായ പ്രസിഡന്റ് ഷിയോട് ആവശ്യപ്പെടു”മെന്ന് യു.എസിൽനിന്ന് ബെയ്ജിങ്ങിലേക്കുള്ള യാത്രയ്ക്കിടെ ട്രംപ് സാമൂഹികമാധ്യമത്തിൽ കുറിച്ചിരുന്നു.

കഴിഞ്ഞവർഷം അധികാരത്തിലേറിയതിനുപിന്നാലെ ട്രംപ് ചൈനയ്ക്ക് കൂറ്റൻ ഇറക്കുമതിത്തീരുവ ചുമത്തിയിരുന്നു. ചൈന തിരിച്ചും ചുമത്തി. ഒരുഘട്ടത്തിൽ നൂറുശതമാനത്തിലേറെയായിരുന്നു ഇരുരാജ്യവും അന്യോന്യം ചുമത്തിയ തീരുവ. ഒക്ടോബറിൽ ദക്ഷിണകൊറിയയിൽ ഇരുനേതാക്കളും നടത്തിയ ചർച്ചയുടെ ഫലമായി ഈ തീരുവപ്പോരിന് അയവുണ്ടായി. ഒരുവർഷത്തേക്ക് തീരുവ 10-20 ശതമാനമായി നിലനിർത്താനുള്ള തീരുമാനമാണ് അതിനിടയാക്കിയത്. ഈ ധാരണ നീട്ടുന്നകാര്യമടക്കം ചർച്ചയായേക്കും.