വാഷിങ്ടണ്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരപ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി വൈറ്റ് ഹൗസ്. സമാധാനത്തിനുപരിയായി രാഷ്ട്രീയത്തിനാണ് നൊബേല്‍ പുരസ്‌കാര സമിതി പ്രാധാന്യം കല്‍പിക്കുന്നതെന്ന് ഒരിക്കല്‍കൂടി വ്യക്തമായിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. 

To advertise here,

സമാധാനത്തിനുള്ള ഇക്കൊല്ലത്തെ നൊബേല്‍ തനിക്കുതന്നെ ലഭിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'അതിയായി ആഗ്രഹിക്കുകയും' അതിനായുള്ള പലവിധ ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. പാകിസ്താനുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ട്രംപിനെ അനുകൂലിക്കുകയും ചെയ്തിരുന്നു. പുരസ്‌കാരപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് റഷ്യയും ട്രംപിനെ പിന്തുണച്ചു. എന്നാല്‍ വെനേസ്വലയിലെ ജനാധിപത്യ പ്രവര്‍ത്തകയായ മരിയ കൊറീന മചാഡോയ്ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്.

“രാഷ്ട്രീയത്തിനാണ് സാമാധാനത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നതെന്ന് നൊബേല്‍ സമിതി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. പക്ഷെ, പ്രസിഡന്റ് ട്രംപ് സമാധാനക്കരാറുകള്‍ക്കു വേണ്ടിയും യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനും ജീവനുകള്‍ രക്ഷപ്പെടുത്തുന്നതിനുമായുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരും. ഒരു മനുഷ്യസ്‌നേഹിയുടെ ഹൃദയമാണ് അദ്ദേഹത്തിനുള്ളത്. പ്രസിഡന്റ് ട്രംപിനെപ്പോലെ സ്വന്തം ഇച്ഛാശക്തിയാല്‍ പര്‍വ്വതങ്ങളെപ്പോലും നീക്കാന്‍ ശേഷിയുള്ള മറ്റൊരാളുണ്ടാകില്ല”, വൈറ്റ് ഹൗസ് വക്താവ് സ്റ്റീവന്‍ ച്യൂങ് പറഞ്ഞു. എക്‌സ് പ്ലാറ്റ് ഫോമിലൂടെയായിരുന്നു ച്യൂങ്ങിന്റെ പ്രതികരണം. വിഷയത്തില്‍ ട്രംപ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

ട്രംപിനെ ഒഴിവാക്കിയതിനെക്കുറിച്ച്, തങ്ങളുടെ തീരുമാനമെടുക്കുന്നതില്‍ മുന്‍കാല വിജയികളുടെ 'ധീരതയും സത്യസന്ധതയുമാണ്' കമ്മിറ്റിക്ക് പ്രചോദനമായതെന്ന് നൊബേല്‍ കമ്മിറ്റി അധ്യക്ഷന്‍ യോര്‍ഗന്‍ വട്‌നെ ഫ്രിഡ്നെസ് പറഞ്ഞു. എല്ലാത്തരത്തിലുള്ള പ്രചാരണങ്ങളും മാധ്യമശ്രദ്ധയും നൊബേല്‍ കമ്മിറ്റി കണ്ടിട്ടുണ്ടെന്നും ട്രംപിനായുള്ള വൈറ്റ് ഹൗസിന്റെ നീക്കങ്ങളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ രണ്ടാം ഭരണകാലത്തെ ആദ്യ ഒന്‍പത് മാസങ്ങളില്‍ ലോകമെമ്പാടുമുള്ള സമാധാന കരാറുകളുടെ കേന്ദ്രം തന്റെ ഓഫീസായിരുന്നു എന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. റഷ്യയുടെ യുക്രൈനെതിരെയുള്ള യുദ്ധവും ഇസ്രയേലിന്റെ ഗാസ യുദ്ധവും അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ താന്‍ ഭരണത്തിലെത്തുന്നതിനു മുന്‍പുതന്നെ താന്‍ ആരംഭിച്ചതായും ട്രംപ് അവകാശപ്പെട്ടിരുന്നു.