വാഷിങ്ടൺ: ഇന്ത്യക്കെതിരേ വീണ്ടും സ്വരം കടുപ്പിച്ച് വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പീറ്റർ നവാരോ. ഇന്ത്യൻ റിഫൈനറികൾ റഷ്യൻ റിഫൈനറികളുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലെത്താനിരിക്കെയാണ് വീണ്ടും ഇന്ത്യക്കെതിരേ നവാരോയുടെ പരാമർശം.

To advertise here,

അന്യായമായ വ്യാപാരത്തിലൂടെ തങ്ങളിൽനിന്ന് ഇന്ത്യ പണം സമ്പാദിക്കുന്നു. നിരവധി തൊഴിലാളികൾ വഞ്ചിക്കപ്പെടുന്നു. ആ പണം ഉപയോഗിച്ച് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നു. റഷ്യക്കാർ അത് ആയുധങ്ങൾ വാങ്ങാൻനായി ഉപയോഗിക്കുന്നു. ഇത് വിചിത്രമായ കാര്യമാണ്, നവാരോ സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യ ചർച്ചയ്ക്കായി വരികയാണ്. വ്യാപാരവുമായി ബന്ധപ്പെട്ട് നോക്കുകയാണെങ്കിൽ വളരെ ഉയർന്ന തീരുവ ചുമത്തുന്നത് ഇന്ത്യയാണെന്നും അദ്ദേഹം ആരോപിച്ചു.

യുഎസ്- ഇന്ത്യ വ്യാപാര കരാറിന്റെ ആറാം ഘട്ട ചർച്ചകൾക്കായാണ് യുഎസ് പ്രതിനിധി സംഘം തിങ്കളാഴ്ച രാജ്യത്ത് എത്തുന്നത്. ചൊവ്വാഴ്ച ആറാംഘട്ട ചർച്ച നടക്കുമെന്നാണ് വിവരം. ഇതിനിടെയാണ് നവാരോയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യക്കെതിരേ നേരത്തെയും നവാരോ പ്രകോപന പരാമർശങ്ങൾ നടത്തിയിരുന്നു. ബ്രാഹ്മണർ ഇന്ത്യക്കാരെ ചൂഷണം ചെയ്ത് ലാഭം കൊയ്യുന്നുവെന്നും അത് നമ്മൾ നിർത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് വലിയ തോതിൽ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. മാത്രമല്ല, ഇന്ത്യ നികുതികളിലെ മഹാരാജാവാണെന്നും കൊള്ളലാഭം കൊയ്യാനുള്ള പദ്ധതിയാണ് നടത്തുന്നതെന്നും ആരോപിച്ചിരുന്നു. 

നവാരോയുടെ പരാമർശങ്ങൾക്കെതിരേ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. നവാരോ നടത്തിയ പ്രസ്താവന തെറ്റാണെന്നും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞിരുന്നു.