വാഷിങ്ടൺ: യുഎസ് സൈനിക തലപ്പത്തെ അഴിച്ചുപണികൾക്ക് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ പ്രേരിപ്പിച്ചത് സ്വന്തംസ്ഥാനത്തിന് ഇളക്കം തട്ടുമോ എന്ന ഭയമെന്ന് റിപ്പോർട്ട്. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

To advertise here,

ഇക്കഴിഞ്ഞ ദിവസമാണ് യുഎസ് കരസേനാ മേധാവിസ്ഥാനത്തുനിന്ന് റാൻഡി ജോർജിനോട് രാജിവെക്കാൻ പീറ്റ് ആവശ്യപ്പെട്ടത്. എന്നാൽ, രാജി ആവശ്യപ്പെടാൻ തക്കവണ്ണമുള്ള കാരണങ്ങളൊന്നും പൊതുമധ്യത്തിലുണ്ടായിരുന്നില്ല. ഇത് പീറ്റിന്റെ നടപടിയിലെ ദുരൂഹത വെളിവാക്കുന്നു. മാത്രമല്ല, പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇത്തരമൊരു രാജി ആവശ്യപ്പെടലിന്റെ കാരണമെന്തെന്ന് ചോദ്യം ഉയർത്തുന്നവരും കുറവല്ല. ഇതിന് പിന്നാലെയാണ് സ്ഥാനഭ്രഷ്ടനാക്കപ്പെടുമോ എന്നതിൽ പീറ്റ് ആശങ്കാകുലനാണെന്നുള്ള മാധ്യമറിപ്പോർട്ട് പുറത്തെത്തുന്നത്.

മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്ന് നീക്കാൻ പീറ്റിനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം സ്വന്തം സ്ഥാനം പോകുമോ എന്ന ആശങ്കയാണെന്നാണ് യുഎസ് ഭരണകൂടത്തിലെ നിലവിലെയും മുൻപത്തെയും ഉന്നതർ പറയുന്നത്. സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരായ ജനറൽ ഡേവിഡ് ഹോഡ്‌നെയേയും മേജർ ജനറൽ വില്യം ഗ്രീനിനെയും ഇക്കഴിഞ്ഞ ദിവസങ്ങളിൽ പുറത്താക്കിയിരുന്നു. ഇത് നേതൃമാറ്റത്തിന്റെ സമയമാണെന്ന ഹ്രസ്വമായൊരു വിശദീകരണം മാത്രമാണ് നടപടികളേക്കുറിച്ച് അധികൃതർ നൽകിയിരുന്നത്.

പീറ്റിന്റെ സ്ഥാനം തെറിക്കുന്നപക്ഷം യുഎസ് പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് എത്താൻ സാധ്യതയുള്ളതായി പറഞ്ഞുകേൾക്കുന്ന പേര് ഡാൻ ഡ്രിസ്‌കോളിന്റേതാണ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി ഡാനിന് അടുത്തബന്ധമാണുള്ളത്. ഇദ്ദേഹത്തിന്റെ സ്വാധീനവലയം വിപുലപ്പെടുന്നതിൽ പീറ്റിന് ആശങ്കയുണ്ടെന്നാണ് വിവരം. മാത്രമല്ല, ഡാനുമായി അടുപ്പമുള്ള ഉദ്യോഗസ്ഥരെയാണ് പീറ്റ് ഉന്നമിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്.