വാഷിങ്ടണ്‍: യുക്രൈന് പ്രസിഡന്റ് വൊളൊദിമിര്‍ സെലന്‍സ്കിയെ രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബൈഡന്റെ ഭരണകാലത്ത് കോടികണക്കിന് ഡോളര്‍ അമേരിക്കയില്‍നിന്ന് സ്വീകരിച്ചിട്ടും അതിന്റെ നന്ദി കാണിക്കാത്ത ആളാണ് സെലന്‍സ്കിയെന്നാണ് ട്രംപ് കുറ്റപ്പെടുത്തിയിരിക്കുന്നത്. ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് യുക്രൈന് പ്രസിഡന്റിനെതിരേയുള്ള ട്രംപിന്റെ പരാമര്‍ശങ്ങള്‍.
"2022 ഫെബ്രുവരിയില്‍ യുക്രൈനില്‍ റഷ്യന്‍ അധിനിവേശമുണ്ടായപ്പോള്‍ അമേരിക്ക യുക്രൈന് 350 ബില്ല്യണ്‍ ഡോളറാണ് സഹായമായി നല്‍കിയത്. എന്നാല്‍, ഈ സഹായത്തിനുള്ള നന്ദി സെലന്‍സ്കിക്ക് ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. യുക്രൈന് പ്രസിഡന്റ് വളരെ ബുദ്ധിമാനാണ്, ഒരു കുഞ്ഞില്‍നിന്ന് മിഠായി തട്ടിയെടുക്കുന്ന ലാഘവത്തോടെയാണ് ബൈഡന് ഗവണ്മെന്റില്നിന്നു നമ്മുടെ പണം അദ്ദേഹം കൈവശപ്പെടുത്തിയത്." ട്രംപ് കുറ്റപ്പെടുത്തി.
റഷ്യയോട് ഇതുവരെ ആരും സ്വീകരിച്ചിട്ടില്ലാത്ത കര്‍ശനമായ നിലപാാണ് താൻ സ്വീകരിച്ചിട്ടുള്ളതെന്നാണ് ട്രംപ് പറയുന്നത്. യൂറോപ്പിലേക്കുള്ള ഇന്ധനവാതക ലൈൻ തടഞ്ഞതും റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തിയതും താനാണ്. ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ കാര്‍ക്കശ്യത്തോടെ റഷ്യയോട് ഇതുവരെ ആരും പെരുമാറിയിട്ടുണ്ടാവില്ല. അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്ളാദമിര്‍ പുടിനുമായി വളരെ മികച്ച ബന്ധം തുടരാനും തനിക്ക് സാധിക്കുന്നുണ്ടെന്നാണ് ട്രംപ് അഭിമുഖത്തില്‍ പറഞ്ഞത്.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് 2019-ലാണ് റഷ്യന്‍ ഇന്ധന പൈപ്പ് ലൈനുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നത്. റഷ്യയില്‍നിന്ന് ജര്‍മനിയിലേക്ക് ഇന്ധനം എത്തിക്കുന്നതിന് കടലിനടിയിലൂടെ നല്‍കിയിരുന്ന പൈപ്പ്ലൈനായിരുന്നു ഇത്. 2022-ലും തനിക്ക് ഭരണത്തുടര്ച്ചയുണ്ടായിരുന്നെങ്കില് റഷ്യ-യുക്രൈന് യുദ്ധം സംഭവിക്കില്ലായിരുന്നുവെന്നും ഇസ്രയേലിനെതിരായ ഹമാസ് ആക്രമണം പോലെയുള്ള ആഗോളസംഭവങ്ങളും ഉണ്ടാകുമായിരുന്നില്ലെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
അടുത്തിടെ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ വെച്ച് നടന്ന ട്രംപ്-സെലന്‍സ്കി കൂടികാഴ്ചയ്ക്ക് പിന്നാലെ യുക്രൈയിനുള്ള സൈനിക സഹായം താത്കാലികമായി നിര്‍ത്തുകയാണെന്ന് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. യുക്രൈന്-റഷ്യ സമാധാന ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്തതിനാലാണ് ഈ സഹായം നിര്‍ത്തുന്നതെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. ചര്‍ച്ചയ്ക്കിടെ സെലന്‍സ്കി ഇറങ്ങിപ്പോന്നത് ഉള്‍പ്പെടെയുള്ള നാടകീയ രംഗങ്ങളും അരങ്ങേറിയിരുന്നു.
Content Highlights: Donald Trump criticizes Ukrainian President Zelenskyy for not showing gratitude for US aid
Published: 10 Mar 2025, 06:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented