വാഷിങ്ടണ്‍: വൈറ്റ്ഹൗസിലെ നവീകരണപ്രവൃത്തികളുടെ ഭാഗമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'ലിങ്കണ്‍ കുളിമുറി'യും പുതുക്കിപ്പണിതു. നവീകരണം പൂര്‍ത്തിയാക്കിയ ലിങ്കണ്‍ കുളിമുറിയുടെ ചിത്രങ്ങള്‍ അദ്ദേഹം തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

To advertise here,

ലിങ്കണ്‍ കുളിമുറി 1940-ല്‍ ആര്‍ട്ട് ഡെക്കോ ഗ്രീന്‍ ടൈല്‍ ശൈലിയില്‍ പുതുക്കിപ്പണിതിരുന്നെന്നും എന്നാല്‍, അത് ലിങ്കണ്‍ കാലഘട്ടത്തിന് തീര്‍ത്തും അനുചിതമായ ശൈലിയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. പുതിയ കറുപ്പും വെളുപ്പും നിറത്തിലുള്ള മാര്‍ബിള്‍ ലിങ്കണ്‍ കാലഘട്ടത്തിന് വളരെ അനുയോജ്യമാണെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു.

വൈറ്റ്ഹൗസില്‍ എബ്രഹാം ലിങ്കന്റെ ഓഫീസിന്റെയും കാബിനറ്റ് റൂമിന്റെയും ഭാഗമായുള്ളതാണ് ഈ കുളിമുറി. 1940-കളുടെ അവസാനത്തില്‍ മുന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ വൈറ്റ്ഹൗസിലെ നവീകരണപ്രവൃത്തികളുടെ ഭാഗമായി ഇത് പുതുക്കിപ്പണിതിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് വൈറ്റ്ഹൗസിലെ ലിങ്കണ്‍ കുളിമുറിയടക്കം വീണ്ടും നവീകരിക്കുന്നത്.

വൈറ്റ്ഹൗസില്‍ ട്രംപ് നടത്തുന്ന നവീകരണത്തിന്റെ ഭാഗമായുള്ള ഏറ്റവുംപുതിയ മാറ്റമാണിത്. അടുത്തിടെ 90,000 ചതുരശ്രഅടിയില്‍ പുതിയ ബോള്‍റൂം പണിയാനായി വൈറ്റ്ഹൗസ് ഈസ്റ്റ് വിങ്ങിന്റെ മുന്‍ഭാഗം പൊളിച്ചുതുടങ്ങിയിരുന്നു. ഏകദേശം 200 മില്യണ്‍ ഡോളര്‍ ചെലവിട്ടാണ് വൈറ്റ്ഹൗസില്‍ പുതിയ ബോള്‍റൂം പണിയുന്നത്.

സ്വകാര്യ ധനസഹായത്തോടെയാണ് നവീകരണപ്രവൃത്തികളെല്ലാം ചെയ്യുന്നതെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയിരുന്നു. നികുതിദായകരുടെ പണം ഇതിനായി ഉപയോഗിക്കുന്നില്ലെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. താനും തന്റെ ചില സുഹൃത്തുക്കളും ചേര്‍ന്നാണ് ബോള്‍റൂം നിര്‍മാണത്തിനും നവീകരണത്തിനും പണം ചെലവാക്കുന്നതെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍, വൈറ്റ്ഹൗസില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് മുന്‍പ് ട്രംപ് പൊതുജനാഭിപ്രായം തേടണമെന്നായിരുന്നു വിമര്‍ശകരുടെ അഭിപ്രായം. നവീകരണപ്രവൃത്തികള്‍ വൈറ്റ്ഹൗസിന്റെ ക്ലാസിക്കല്‍ ശൈലിയെ ഇല്ലാതാക്കുമെന്നും വിമര്‍ശനമുയര്‍ന്നു.