വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥി ജോ ബൈഡനോട് പരജയപ്പെട്ടാല്‍ സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കാനാവില്ലെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.

അമേരിക്കന്‍ ജനാധിപത്യത്തിലെ ഏറ്റവും അടിസ്ഥാനപരമായ തത്ത്വത്തിനോട് താങ്കള്‍ പ്രതിജ്ഞാബദ്ധനാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം' എന്നായിരുന്നു ട്രംപിന്റെ മറുപടി. വൈറ്റ് ഹൗസില്‍ ബുധനാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെതിരായ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ട്രംപ് ഉള്ളത്. പതിവുപോലെ വാര്‍ത്താസമ്മേളനത്തില്‍ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പരാതികളും ട്രംപ് ഉന്നയിച്ചു. പോസ്റ്റല്‍ ബാലറ്റുകളെക്കുറിച്ചായിരുന്നു ട്രംപിന്റെ പ്രധാന ആരോപണം.

കോവിഡ് മൂലം വളരെയധികം പോസ്റ്റല്‍ ബാലറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. പോസ്റ്റല്‍ ബാലറ്റിനെ താന്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും ഇവ വലിയ ദുരന്തമാണെന്നും ട്രംപ് പറഞ്ഞു. പോസ്റ്റല്‍ ബാലറ്റുകളില്‍ വലിയ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ഡമോക്രാറ്റുകള്‍ പോസ്റ്റല്‍ ബാലറ്റുകളെ പ്രോത്സാഹിപ്പുകയാണെന്നും ട്രംപ് ആരോപിച്ചു. 

പോസ്റ്റല്‍ ബാലറ്റുകള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ കാര്യങ്ങള്‍ വളരെ സമാധാന പരമായിരിക്കുമെന്നും അധികാരകൈമാറ്റത്തിന്റെ ആവശ്യമുണ്ടാകില്ലെന്നും ഭരണതുടര്‍ച്ചയുണ്ടാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. 

Content Highlight: Trump refuses to promise peaceful transfer of power