വാഷിങ്ടൺ: വെനസ്വേലൻ പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോ തനിക്കുലഭിച്ച സമാധാന നൊബേൽ സമ്മാനം അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് കൈമാറിയത് കഴിഞ്ഞദിവസമാണ്. ഇപ്പോൾ, സമാധാന പുരസ്കാര മെഡൽ സ്വീകരിച്ചതിനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ട്രംപ്. എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതിന്‍റെ പേരിൽ മച്ചാഡോ തനിക്ക് പുരസ്കാരം വാഗ്ദാനംചെയ്യുകയായിരുന്നെന്നാണ് ട്രംപിന്‍റെ വിശദീകരണം.

To advertise here,

മച്ചാഡോയെ 'വണ്ടർഫുൾ വുമൺ എന്ന് വിശേഷിപ്പിച്ച ട്രംപ്, പരസ്പര ബഹുമാനത്തിന്‍റെ പ്രകടനമാണ് മച്ചാഡോ നടത്തിയതെന്നും പറഞ്ഞു. 'അവർ എനിക്ക് ആ പുരസ്കാരം വാഗ്ദാനം ചെയ്യുകയായിരുന്നു. അത് വളരെ നല്ല കാര്യമാണെന്ന് എനിക്ക് തോന്നി. ഞാൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും ചരിത്രത്തിൽ മറ്റാരെക്കാൾ ഈ പുരസ്കാരത്തിന് അർഹൻ ഞാനാണെന്നും അവർ പറഞ്ഞു', ട്രംപ് വ്യക്തമാക്കി.

വെനസ്വേലൻ പ്രസിഡന്റായിരുന്ന നിക്കൊളാസ് മഡുറോയെയും ഭാര്യയെയും യുഎസ് പുറത്താക്കി രണ്ടാഴ്ചയാകുന്നതിനിടെയായിരുന്നു മച്ചാഡോ ട്രംപിനെ സന്ദർശിച്ചത്. വ്യാഴാഴ്ച വൈറ്റ്‌ഹൗസിലെത്തിയ മച്ചാഡോ, രണ്ടരമണിക്കൂർ അവിടെ ചെലവിട്ടു. സമ്മാനം മറ്റൊരാൾക്കു കൈമാറരുത് എന്ന് നൊബേൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചട്ടം നിലനിക്കേയാണ് വെനസ്വേലയിലെ ജനാധിപത്യപ്പോരാട്ടത്തിന് തനിക്കുലഭിച്ച നൊബേൽ അവർ ട്രംപിനു സമ്മാനിച്ചത്.

വെനസ്വേലക്കാരുടെ സ്വാതന്ത്ര്യത്തോടു കാണിക്കുന്ന സവിശേഷമായ പ്രതിജ്ഞാബദ്ധതയ്ക്കുള്ള അംഗീകാരമായാണ് ട്രംപിനു നൊബേൽ സമർപ്പിച്ചതെന്ന് മച്ചാഡോ പറഞ്ഞിരുന്നു. മച്ചാഡോ നൊബേൽ സൂക്ഷിക്കാൻ തന്നെ ഏൽപ്പിച്ചെന്ന് പിന്നാലെ ട്രംപും അറിയിച്ചിരുന്നു. ഇത്തവണ സമാധാന നൊബേലിനായി ട്രംപ് വലിയ അവകാശവാദമുന്നയിക്കുകയും ചരടുവലി നടത്തുകയും ചെയ്തിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.

11 മാസം വെനസ്വേലയിൽ ഒളിച്ചുകഴിയുകയായിരുന്നു മച്ചാഡോ. കഴിഞ്ഞമാസം നോർവേയിലാണ് അവർ പൊതു ഇടത്തിൽ പ്രത്യക്ഷപ്പെട്ടത്. നോർവേയിലെ നൊബേൽ സമ്മാനവിതരണച്ചടങ്ങിനുശേഷമായിരുന്നു അത്. മഡുറോയുടെ പിൻഗാമിയായി വെനസ്വേല ഭരിക്കാൻവേണ്ട വിശ്വാസ്യത മച്ചാഡോയ്ക്കില്ലെന്ന് ട്രംപ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മഡുറോയുടെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസാണ് വെനസ്വേലയുടെ ഇടക്കാലപ്രസിഡന്റ്. മച്ചാഡോയ്ക്കുപകരം റോഡ്രിഗസിനെയാണ് ട്രംപ് പിന്തുണച്ചത്.