
വാഷിങ്ടൺ: വെനസ്വേല പ്രതിപക്ഷനേതാവും സമാധാന നൊബേൽ ജേതാവുമായ മരിയ കൊറിന മച്ചാഡോയുമായി അടുത്തയാഴ്ച വാഷിങ്ടണിൽ കൂടിക്കാഴ്ച നടത്താനൊരുങ്ങുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൂടിക്കാഴ്ചയ്ക്കിടെ തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം ട്രംപിന് കൈമാറുമെന്ന് മച്ചാഡോ സൂചന നൽകുകയും ചെയ്തിരുന്നു. ട്രംപും മച്ചാഡോയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച നടക്കാനിരിക്കേ അവർ നൊബേൽ സമ്മാനം ട്രംപിന് കൈമാറുമോ എന്നതാണ് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ മച്ചാഡോ വരാൻ ആഗ്രഹിക്കുന്നതു തന്നെ വളരെ നല്ല കാര്യമെന്നാണ് ട്രംപ് പ്രതികരിച്ചത്. മച്ചാഡോയുടെ വരവ് ആകാംക്ഷയോടെയാണ് കാണുന്നതെന്ന് പറഞ്ഞ ട്രംപ് നൊബേൽ സമ്മാനം സ്വീകരിക്കാനാകുന്നത് 'വലിയ ബഹുമതിയാണെ'ന്നും കൂട്ടിച്ചേർത്തു. ''മച്ചാഡോ അടുത്ത ആഴ്ച വാഷിങ്ടണിൽ വരും, നമ്മുടെ രാജ്യത്തിന് അദരമർപ്പിക്കും. ഞാൻ ഈ രാജ്യത്തിന്റെ ഒരു പ്രതിനിധി മാത്രമാണ്. മറ്റൊന്നുമില്ല.'' - ട്രംപ് പറഞ്ഞു.
''മച്ചാഡോ വരാൻ ആഗ്രഹിക്കുന്നതു തന്നെ വളരെ നല്ല കാര്യം. സംഭവിച്ച കാര്യത്തിൽ നോർവെ വളരെയധികം ലജ്ജിക്കുന്നുവെന്നാണ് എനിക്ക് മനസിലാക്കാൻ സാധിക്കുന്നത്. അവർ (മച്ചാഡോ) ഇവിടെ വരുന്നത് എനിക്ക് അഭിമാനകരമാണ്. അവരെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു'', മച്ചാഡോ നൊബേൽ സമ്മാനം കൈമാറാനുള്ള ആഗ്രഹം പങ്കുവെച്ചതിനെ കുറിച്ച് പരാമർശിച്ച് ട്രംപ് പറഞ്ഞു. നോർവെയിലെ ഓസ്ലോ ആസ്ഥാനമായുള്ള നൊബേൽ കമ്മിറ്റി തന്നെ സമാധാന നൊബേലിന് തിരഞ്ഞെടുക്കുമെന്ന് ട്രംപ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വെനസ്വേലൻ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറിന മച്ചാഡോയെയാണ് കമ്മിറ്റി തിരഞ്ഞെടുത്തത്.
അതിനിടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം താനാണ് പരിഹരിച്ചതെന്ന് വീണ്ടും അവകാശപ്പെട്ട ട്രംപ് ചരിത്രത്തിൽ സമാധാന നൊബേൽ ലഭിക്കാൻ തന്നേക്കാൾ അർഹതയുള്ള ആരും ഇല്ലെന്നും വീമ്പിളക്കി.
''ആളുകൾ ട്രംപിനെ ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് നോക്കൂ, ഞാൻ എട്ട് യുദ്ധങ്ങൾ ഒത്തുതീർപ്പിലെത്തിച്ചു. പലതും വലിയ യുദ്ധങ്ങൾ. ചിലത് 36 വർഷം, ചിലത് 32, ചിലത് 31, 28 വർഷം, 25 വർഷമൊക്കെയായി നടക്കുന്നു.'' - ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം വൈറ്റ് ഹൗസ് സന്ദർശിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ആണവായുധങ്ങളുള്ള രണ്ട് അയൽക്കാർ തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ച് ദശലക്ഷക്കണക്കിന് പേരുടെ ജീവൻ രക്ഷിച്ചതിന് തനിക്ക് നന്ദി പറഞ്ഞതായും യുഎസ് പ്രസിഡന്റ് പറഞ്ഞു.
2009-ൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ഒബാമയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതിനെ ട്രംപ് വിമർശിച്ചു. ''എന്നേക്കാൾ കൂടുതൽ നോബൽ സമ്മാനം ലഭിക്കേണ്ട മറ്റൊരാളെ ചരിത്രത്തിൽ എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല, എനിക്ക് വീമ്പിളക്കാൻ താൽപ്പര്യമില്ല, പക്ഷേ മറ്റാരും ഇത്രയും യുദ്ധങ്ങൾ പരിഹരിച്ചില്ല. ഒബാമയ്ക്ക് നൊബൽ സമ്മാനം ലഭിച്ചു. എന്തുകൊണ്ടെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അദ്ദേഹത്തിന് ഇപ്പോഴും ഒരു ധാരണയുമില്ല. സ്ഥാനമേറ്റ ഉടൻ തന്നെ അദ്ദേഹത്തിന് അത് ലഭിച്ചു, അദ്ദേഹം ഒന്നും ചെയ്തിട്ടില്ല, അദ്ദേഹം ഒരു മോശം പ്രസിഡന്റായിരുന്നു.'' - ട്രംപ് പറഞ്ഞു.
Content Highlights: US President Trump discusses Venezuelan opposition leader Maria Corina Machado`s upcoming visit and the possibility of receiving her Nobel Peace Prize. Learn more.
Published: 10 Jan 2026, 03:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented