വാഷിങ്ടണ്‍: ഇറാനില്‍ ഭരണകൂടമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അങ്ങനെ സംഭവിച്ചാല്‍ അത് കലാപത്തിനിടയാക്കുമെന്നും അതു കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാറ്റോ ഉച്ചകോടിക്കായി നെതര്‍ലന്‍ഡ്‌സിലെ ഹേഗിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുമ്പോഴാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്.

To advertise here,

ഇറാനിലെ മതഭരണകൂടത്തെ താഴെയിറക്കണമെന്ന ഇസ്രയേലിന്റെ മനോഭാവത്തിന് വിരുദ്ധമാണ് ട്രംപിന്റെ അഭിപ്രായം. എന്നാല്‍, കഴിഞ്ഞദിവസം അദ്ദേഹം ഇസ്രയേലിന്റെ ആഗ്രഹത്തോട് അനുഭാവമുള്ളതായി സൂചിപ്പിച്ചിരുന്നു.

ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തലിനെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് സ്വാഗതം ചെയ്തു. വെടിനിര്‍ത്തല്‍ പൂര്‍ണമായി പാലിക്കാന്‍ ഇരുരാജ്യത്തോടും അദ്ദേഹം അഭ്യര്‍ഥിച്ചു.  ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കിയ ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വിവിധ എംപിമാര്‍ ആവശ്യപ്പെട്ടു.

അതിനിടെ, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി ചൊവ്വാഴ്ച ഫോണില്‍ സംസാരിച്ചു. ഖത്തര്‍ ഇറാന്റെ സഹോദര അയല്‍രാജ്യമായി തുടരുമെന്ന് പെസെഷ്‌കിയാന്‍ പറഞ്ഞു. പരസ്പരം പരമാധികാരം മാനിക്കുന്ന രാജ്യങ്ങളായി ഇറാനും ഖത്തറും തുടരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍, തിങ്കളാഴ്ച അല്‍ ഉദെയ്ദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തിലുള്ള അതൃപ്തി അല്‍ താനി അറിയിച്ചു. സംഭവത്തില്‍ പെസെഷ്‌കിയാന്‍ ഖേദം പ്രകടിപ്പിച്ചു. ഖത്തറിനെയോ അവിടത്തെ ജനങ്ങളെയോ ലക്ഷ്യമിട്ടല്ല ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചമേഷ്യയിലെ യുഎസിന്റെ സേനാതാവളമാണ് അല്‍ ഉദെയ്ദിലേത്. യുഎസ് ഇറാനില്‍ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായാണ് ഇറാന്‍ അല്‍ ഉദെയ്ദിലേക്ക് മിസൈലയച്ചത്.

അതേസമയം, 12 ദിവസം നീണ്ട ആക്രമണത്തില്‍ 12 ഇറാനിയന്‍ ശാസ്ത്രജ്ഞരെ വധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഇറാന്റെ ആണവായുധ വികസനത്തില്‍ പങ്കാളികളായവരാണ് ഇവരെല്ലാമെന്ന് ഫ്രാന്‍സിലെ ഇസ്രയേല്‍ സ്ഥാനപതി ജോഷ്വ സര്‍ക പറഞ്ഞു. എന്നാല്‍, 10 ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇറാന്റെ വിദേശകാര്യ കൗണ്‍സില്‍ പറഞ്ഞത്.

വെടിനിര്‍ത്തല്‍ നിലവില്‍വരുംമുന്‍പ് ചൊവ്വാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു ശാസ്ത്രജ്ഞന്‍കൂടി മരിച്ചെന്ന് ഇറാന്‍ അറിയിച്ചു. യുഎസിന്റെ ഉപരോധം നേരിടുന്ന മുഹമ്മദ് റേസ സെദിഗി സേബര്‍ ആണ് കൊല്ലപ്പെട്ടത്. ഈ മാസം 13-ന് നടത്തിയ ആക്രമണത്തിലും ഇസ്രയേല്‍ സേബറിനെ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ 17 വയസ്സുള്ള മകനാണ് അന്ന് കൊല്ലപ്പെട്ടത്.