വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രതിയാക്കി നടന്നുകൊണ്ടിരിക്കുന്ന അഴിമതി വിചാരണ 'ഉടനടി' റദ്ദാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നടപടികളെ രാഷ്ട്രീയ പ്രേരിതമായ 'വേട്ടയാടല്‍' എന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും, ഇസ്രായേല്‍ പ്രധാനമന്ത്രിയെ 'രക്ഷിക്കാന്‍' പോകുന്നത് അമേരിക്കയായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
ഇറാനിലെ ആണവ, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളെ ഇസ്രായേലിന്റെ 'ചരിത്രത്തിലെ ഏറ്റവും മഹത്തായ നിമിഷങ്ങളില്‍' ഒന്നാണെന്ന് വിശേഷിപ്പിച്ച ട്രംപ്, നെതന്യാഹുവിനെതിരായ വിചാരണ തുടരുന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി.
'ഇസ്രായേല്‍ രാജ്യം... അവരുടെ മഹാനായ യുദ്ധകാല പ്രധാനമന്ത്രിക്കെതിരായ പരിഹാസ്യമായ വേട്ടയാടല്‍ തുടരുകയാണെന്ന് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി!, ഇസ്രായേലിന്റെ വളരെ ശക്തവും ബുദ്ധിമാന്‍മാരുമായ ഒരു ദീര്‍ഘകാല ശത്രുവിനോട് യുദ്ധം ചെയ്തുകൊണ്ട് ഞാനും ബിബിയും ഒരുമിച്ചാണ് പ്രവർത്തിച്ചത്. പുണ്യഭൂമിയോടുള്ള സ്‌നേഹത്തില്‍ ബീബിക്ക് ഇതിലും മികച്ച കര്‍ക്കശക്കാരനോ, ശക്തനോ ആകാന്‍ കഴിയുമായിരുന്നില്ല' ട്രംപ് കുറിച്ചു. നെതന്യാഹു ഒരു യോദ്ധാവാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
'ബിബി നെതന്യാഹു ഒരു യോദ്ധാവായിരുന്നു, ഒരുപക്ഷേ ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ യോദ്ധാവ്. അതിന്റെ ഫലം ആരും സാധ്യമാണെന്ന് കരുതാത്ത ഒന്നായിരുന്നു, ലോകത്തെവിടെയും ഉണ്ടാകാന്‍ സാധ്യതയുള്ള ഏറ്റവും വലുതും ശക്തവുമായ ആണവായുധങ്ങളുടെ പൂര്‍ണ്ണമായ ഉന്മൂലനം. അത് സംഭവിച്ചു' ട്രംപ് പറഞ്ഞു.
ഇങ്ങനെയൊക്കെയായിട്ടും ദീര്‍ഘകാലമായി നീണ്ടുനില്‍ക്കുന്ന ഈ രാഷ്ട്രീയപ്രേരിത കേസിന്റെ തുടര്‍ച്ചയ്ക്കായി ബിബിയെ തിങ്കളാഴ്ച കോടതിയിലേക്ക് വിളിച്ചിരിക്കുന്നു എന്നറിഞ്ഞു. കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. അദ്ദേഹത്തിന് വലിയ ദോഷം വരുത്താന്‍ വേണ്ടിയുള്ള അന്യായമായ ആരോപണങ്ങളാണിത്.
ഇത്രയധികം സംഭാവനകള്‍ നല്‍കിയ ഒരാള്‍ക്ക് എതിരായ ഇത്തരം വേട്ടയാടല്‍ തനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. ഇതിനേക്കാള്‍ വളരെ മികച്ചത് അദ്ദേഹം അര്‍ഹിക്കുന്നു, അതുപോലെ ഇസ്രായേല്‍ രാജ്യവും. ബിബി നെതന്യാഹുവിന്റെ വിചാരണ ഉടനടി റദ്ദാക്കണം, രാജ്യത്തിനുവേണ്ടി വളരെയധികം കാര്യങ്ങള്‍ ചെയ്ത ഒരു മഹാനായ വീരന് മാപ്പ് നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
''ഇസ്രായേലിനെ രക്ഷിച്ചത് യുഎസാണ്. ഇപ്പോള്‍ ബിബിയെ രക്ഷിക്കാന്‍ പോകുന്നതും അമേരിക്കയായിരിക്കും. ഈ 'നീതിയുടെ' ദുരന്തം അനുവദിക്കാനാവില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിലവില്‍ മൂന്ന് അഴിമതി കേസുകളില്‍ വിചാരണ നേരിടുന്നുണ്ട്. കൈക്കൂലി, വഞ്ചന, വിശ്വാസ വഞ്ചന തുടങ്ങിയ ആരോപണങ്ങളാണ് നെതന്യാഹുവിനെതിരെയുള്ളത്. ഇതുകൂടാതെ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) ഇസ്രായേല്‍ പ്രധാനമന്ത്രിക്കെതിരെ യുദ്ധക്കുറ്റങ്ങള്‍ക്കും പ്രതിയാക്കിയിട്ടുണ്ട്.
Content Highlights: Trump calls for "immediate" cancellation of Israeli PM's trial; says 'US will save Netanyahu'
Published: 26 Jun 2025, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented