വാഷിങ്ടൺ: അപൂർവ ധാതുക്കരാറിൽ ഒപ്പുവെയ്ക്കാൻ യു.എസിലെത്തിയ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലന്‍സ്‌കിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ച വാക്കുതര്‍ക്കത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് കരാറിൽ ഒപ്പുവെക്കാതെ സെലന്‍സ്‌കി വൈറ്റ്‌ഹൗസിൽ നിന്ന് മടങ്ങി. യുക്രൈന്റെ അത്യപൂർവ ധാതുസമ്പത്തിൽ ഒരു പങ്കിന്റെ അവകാശം യു.എസിന് നൽകുന്നതിനുള്ള കരാറായിരുന്നു ഒപ്പിടേണ്ടിയിരുന്നത്.
റഷ്യക്കെതിരേ പ്രതിരോധം തീർക്കാനുള്ള പിന്തുണയും യുദ്ധാനന്തരമുള്ള സുരക്ഷാ ഉറപ്പും നൽകണമെന്ന സെലെൻസ്കിയുടെ അഭ്യർഥനയാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. സമാധാനക്കരാർ ഉണ്ടാക്കാൻ സന്നദ്ധമായാൽ മടങ്ങിവരൂവെന്നായിരുന്നു സെലെൻസ്‌കിയോടുള്ള ട്രംപിന്റെ പ്രതികരണം. പിന്നാലെ ഇരു നേതാക്കളും ചേർന്ന് നടത്താനിരുന്ന പത്രസമ്മേളനം റദ്ദാക്കിയതായി വൈറ്റ്‌ഹൗസ് അറിയിച്ചു. ഇതോടെ സൗദിയിൽവെച്ച് യു.എസും റഷ്യയുംചേർന്ന് പ്രഖ്യാപിച്ച യുക്രൈൻ സമാധാനശ്രമങ്ങളുടെ ഭാവി തുലാസിലായി.
കൂടിക്കാഴ്ചക്കിടെ, സെലെൻസ്കി യു.എസിനോട് കാണിക്കുന്നത് നന്ദികേടാണെന്ന് ട്രംപ് പറഞ്ഞു. സെലെൻസ്കിയെ നന്ദിപറയാൻ നിർബന്ധിക്കുകയും ചെയ്തു. 35000 കോടി ഡോളറിന്റെ സഹായം യു.എസ്. നിങ്ങൾക്ക് നൽകി. നിങ്ങൾക്ക് സൈനികോപകരണങ്ങൾ പോലുമില്ലായിരുന്നു. യു.എസ്. പിന്തുണയില്ലായിരുന്നെങ്കിൽ യുദ്ധത്തിൽ എന്നേ അടിപതറിയേനെയെന്നും ട്രംപ് സൂചിപ്പിച്ചു. നിങ്ങളുടെ രാജ്യം വലിയ അപകടത്തിലാണെന്നും ജയിക്കാൻ കഴിയില്ലെന്നും മുന്നറിയിപ്പ് നൽകി.
നിങ്ങളൊരിക്കലെങ്കിലും നന്ദി പറഞ്ഞിട്ടുണ്ടോയെന്ന് ചോദിച്ച വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് അമേരിക്കൻ മാധ്യമങ്ങളുടെ മുന്നിൽ നന്ദി പറയണമെന്ന് ആവശ്യപ്പെട്ടു. യുക്രൈൻകാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ താങ്കൾ എന്നെങ്കിലും അവിടെ വന്നിട്ടുണ്ടോയെന്ന് വാൻസിനോട് സെലെൻസ്കി തിരിച്ചുചോദിച്ചു. പ്രകൃതിവിഭവക്കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. യുക്രൈനുള്ള സുരക്ഷാഉറപ്പ് വാഗ്ദാനം ചെയ്യാത്തതാണ് കരാർ. റഷ്യയ്ക്കെതിരേയുള്ള യുദ്ധത്തിന് നൽകിയ സഹായത്തിനു പ്രതിഫലമായാണ് യുക്രൈന്റെ പ്രകൃതിവിഭവങ്ങളിലെ വരുമാനത്തിന്റെ പങ്ക് യു.എസ്. ആവശ്യപ്പെടുന്നത്.
പുതിന്റെ റഷ്യ അധിനിവേശം നടത്തി യുക്രൈന്റെ വലിയൊരു ഭാഗം അധീനതയിലാക്കി. 2014 മുതല്‍ ക്രിമിയയില്‍ അടക്കം കയ്യേറ്റം നടത്തിയ കാലത്തൊന്നും പുതിനെ യു.എസ് പ്രസിഡന്റുമാര്‍ ആരും തടഞ്ഞില്ല എന്ന് സെലന്‍സ്‌കി തിരിച്ചടിച്ചു. ജനങ്ങള്‍ മരിച്ചുവീഴുകയാണ്. 2019 ല്‍ പുതിനുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചതാണ്. എന്നാല്‍ അതിന് ശേഷവും കരാര്‍ പുതിന്‍ ലംഘിച്ചു. തടവുകാരെ പരസ്പരം കൈമാറുള്ള കരാറില്‍ ഒപ്പിട്ടിട്ടും പുതിന്‍ അതിന് തയ്യാറായില്ല. പിന്നെ എന്ത് നയതന്ത്രമാണ് നിങ്ങള്‍ പറയുന്നതെന്ന് വാന്‍സിനോട് സെലന്‍സ്‌കി ചോദിച്ചു. ഈ ഘട്ടത്തില്‍ നിങ്ങള്‍ ഇപ്പോള്‍ സുരക്ഷിതാവസ്ഥയിലല്ല ഇപ്പോഴുള്ളതെന്ന് പറഞ്ഞ ട്രംപ് മൂന്നാം ലോകമഹായുദ്ധത്തെ ക്ഷണിച്ചുവരുത്തുകയാണെന്നും പറഞ്ഞു. അമേരിക്കയെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയാണെന്നും കുറ്റപ്പെടുത്തി.
യുക്രൈന്‍ വലിയ പ്രതിസന്ധിയിലാണെന്നും ട്രംപ് പലയാവര്‍ത്തി പറഞ്ഞു. അമേരിക്ക ചെയ്ത സഹായത്തിന് നന്ദി വേണമെന്ന് ട്രംപും വാന്‍സും പലവട്ടം ആവശ്യപ്പെട്ടു. നന്ദിയുള്ളവനാണെന്ന് മറുപടി നല്‍കിയ സെലന്‍സ്‌കി കൊലയാളിയോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് വ്യക്തമാക്കി. യുദ്ധം നിര്‍ത്താന്‍ വെടിനിര്‍ത്തലിന് തയ്യാറാവണമെന്ന നിര്‍ദേശത്തിന് അതിന് ഉറപ്പുകള്‍ വേണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടു. പിന്നീട് കടുത്ത വാക്കുതര്‍ക്കമായി. സമാധാനത്തിന് സെലന്‍സ്‌കി തയ്യാറല്ലെന്നാണ് മനസ്സിലാക്കുന്നതെന്നും യു.എസ്സിനെ അപമാനിച്ചതായും ട്രംപ് സമൂഹമാധ്യമത്തില്‍ കുറ്റപ്പെടുത്തി.
റഷ്യയ്ക്കെതിരേയുള്ള യുദ്ധത്തിൽ യുക്രൈന്റെ പ്രധാന സഖ്യകക്ഷിയായിരുന്നു യു.എസ്. എന്നാൽ, ട്രംപ് അധികാരത്തിലെത്തിയതിനുപിന്നാലെ യുക്രൈനോട് അകലുകയും റഷ്യയോടടുക്കുകയും ചെയ്യുന്ന വിദേശനയം സ്വീകരിച്ചു. സൗദിയിൽ യുക്രൈനെ പങ്കെടുപ്പിക്കാതെ റഷ്യയുമായിച്ചേർന്ന് ‘യുക്രൈൻ സമാധാന ഉച്ചകോടി’ നടത്തി. ട്രംപ് സെലെൻസ്കിയെ ഏകാധിപതിയെന്നും വിളിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‍ർ സ്റ്റാമർ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സെലെൻസ്കിയോടുള്ള നിലപാട് ട്രംപ് മയപ്പെടുത്തിയിരുന്നു.
സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വൻ തോതിൽ വിമർശനങ്ങളുയരുന്നുണ്ട്. സെലൻസ്കിയെ വിളിച്ചു വരുത്തി അപമാനിച്ചുവെന്ന തരത്തിലാണ് പ്രചാരണം. യുദ്ധത്തിനും ഏകാധിപതികൾക്കുമൊപ്പമാണ് ട്രംപും വാൻസുമെന്നും സെലൻസ്കിയെ മാപ്പ് പറയിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും എക്സ് പ്ലാറ്റ്ഫോമിൽ പലരും കുറിച്ചു.
Content Highlights: trump and vance rebuke zelensky during white house meeting
Published: 01 Mar 2025, 07:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented