വാഷിങ്ടണ്‍: യു.എസ്. സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിയും അമേരിക്കൻ പ്രസിഡന്‍റെ ട്രംപും തമ്മിൽ വ്യാപാരം, പ്രതിരോധം, കുടിയേറ്റം തുടങ്ങിയ വിഷങ്ങൾ ചർച്ചയായി. വിവിധ വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അവയില്‍ പ്രധാനപ്പെട്ടത് ഇവയാണ്:

To advertise here,

വ്യാപാരം: 500 ബില്യന്‍ ഡോളറിന്റെ ഉഭയകക്ഷിവ്യാപാരത്തിന് ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനമായിട്ടുണ്ട്. കൂടാതെ യു.എസില്‍നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ ഓയിലും ഗ്യാസും ഇറക്കുമതി ചെയ്യാനുള്ള കരാറും യാഥാര്‍ഥ്യമാകും. 

കുറ്റവാളിക്കൈമാറ്റം: 26/11 ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ കൈമാറണമെന്ന ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യം സാധ്യമാകും. റാണയെ കൈമാറാനുള്ള നടപടിക്ക് അംഗീകാരം നല്‍കിയതായി ട്രംപ് അറിയിച്ചിട്ടുണ്ട്.

പ്രതിരോധം:  അഞ്ചാം തലമുറ എഫ്.-35 യുദ്ധവിമാനങ്ങള്‍ അമേരിക്ക, ഇന്ത്യക്ക് നല്‍കും. അതേസമയം, ഈ കരാറുമായി ബന്ധപ്പെട്ട നടപടികൾ പ്രാരംഭദിശയിലാണെന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി പറഞ്ഞു. ജാവലിന്‍ ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍, സ്‌ട്രൈകര്‍ ഇന്‍ഫെന്ററി കോംബാറ്റ് വെഹിക്കിള്‍സ് എന്നിവ വാങ്ങാനും അവയുടെ സംയുക്ത നിര്‍മാണത്തിനുമുള്ള നീക്കങ്ങളെക്കുറിച്ചും പ്രഖ്യാപനമുണ്ട്

മെഗാ: മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (എം.എ.ഗി.എ.), മേക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ന്‍ (എം.ഐ.ഗി.എ.) മായി ചേര്‍ന്ന് ഇരുരാജ്യങ്ങളുടെയും മെഗാ പാര്‍ട്ണര്‍ഷിപ്പിന് കളമൊരുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്.

റഷ്യ-യുക്രൈന്‍ യുദ്ധം:  ഇന്ത്യ നിഷ്പക്ഷമാണെന്നാണ് ലോകം കരുതുന്നത്. എന്നാല്‍, ഇന്ത്യ നിഷ്പക്ഷമല്ല. ഇന്ത്യക്ക് ഒരു നിലപാടുണ്ട്, അത് സമാധാനത്തിന്റേതാണ് എന്നായിരുന്നു റഷ്യ-യുക്രൈന്‍ യുദ്ധത്തേക്കുറിച്ചും ഇന്ത്യന്‍ നിലപാടിനേക്കുറിച്ചുമുള്ള ചോദ്യത്തിന് മോദിയുടെ മറുപടി. റഷ്യ-യുക്രൈന്‍ വിഷയം പരിഹരിക്കാനുള്ള ട്രംപിന്റെ നീക്കത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ബംഗ്ലാദേശ് വിഷയം: ബംഗ്ലാദേശിലെ ആഭ്യന്തരസംഘര്‍ഷം, മുന്‍പ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ പലായനം എന്നിവയില്‍ യു.എസിന് പങ്കുണ്ടെന്ന ആരോപണം ട്രംപ് തള്ളി. ബംഗ്ലാദേശ് ഞാന്‍ പ്രധാനമന്ത്രി മോദിക്ക് വിട്ടുനല്‍കുന്നു എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. 

കുടിയേറ്റം: അമേരിക്കയില്‍ അനധികൃതമായി കഴിയുന്നുവെന്ന് കണ്ടെത്തി തിരിച്ചയച്ച ഇന്ത്യന്‍ പൗരന്മാരെ തിരികെ സ്വീകരിക്കാന്‍ ഇന്ത്യ പൂര്‍ണമായും സജ്ജമായിരുന്നെന്ന് മോദി. മനുഷ്യക്കടത്ത് അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ത്യ-ചൈന എല്‍.എ.സി.: ഇന്ത്യയും ചൈനയും തമ്മില്‍ എല്‍.എ.സിയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഇടപെടാനുള്ള സന്നദ്ധതയും ട്രംപ് മുന്നോട്ടുവെച്ചു. തനിക്ക് സഹായിക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യാന്‍ സന്തോഷമേയുള്ളൂ. കാരണം, തർക്കം അവസാനിപ്പിക്കേണ്ടതാണ്. അത് സംഘര്‍ഷപൂര്‍ണമാണ് എല്‍.എ.സി. വിഷയത്തെ പരാമര്‍ശിച്ച് ട്രംപ് പറഞ്ഞു.