സിയോൾ: ആ​ത്മഹത്യക്ക് ശ്രമിച്ച് ദക്ഷിണകൊറിയൻ മുൻ പ്രതിരോധമന്ത്രി കിം യോങ് ഹ്യൂൻ. അടുത്തിടെ രാജ്യത്ത് ഏറെ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കുകയും നടപ്പിലാക്കാൻ ശ്രമിച്ച് പരാജയപ്പെടുകയും ചെയ്ത പട്ടാളനിയമത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന നേതാക്കളിലൊരാളാണ് ഹ്യൂൻ. കൊറിയൻ പാർലമെന്റിനെ ഒരു നീതികാര്യ മന്ത്രാലയ ഉദ്യോ​ഗസ്ഥൻ ധരിപ്പിച്ചതാണ് ഇക്കാര്യം.

To advertise here,

ഒരു തടങ്കൽ കേന്ദ്രത്തിലാണ് കിം യോങ് ഹ്യൂൻ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തൊട്ടുപിന്നാലെ തന്നെ ഇദ്ദേഹത്തിന്റെ അറസ്റ്റും നടന്നു. അധികൃതർ ഇടപെട്ടാണ് മുൻ മന്ത്രിയുടെ ആത്മഹത്യാശ്രമം തടഞ്ഞത്. പട്ടാളനിയമവുമായി ബന്ധപ്പെട്ട് പ്രസിഡൻ്റ് യൂൻ സുക് യോളിൻ്റെ ഓഫീസിൽ റെയ്ഡ് നടത്തിയ പോലീസ്, അന്വേഷണം ഊർജിതമാക്കിയിരിക്കേയാണ് ഏവരേയും ഞെട്ടിച്ച സംഭവം നടന്നത്.

കുളിമുറിയിലാണ് ഹ്യൂൻ ആത്മഹത്യശ്രമം നടത്തിയതെന്ന് കൊറിയ കറക്ഷണൽ സർവീസ് കമ്മീഷണർ ജനറൽ ഷിൻ യോങ്-ഹേ പറഞ്ഞു. സംശയം തോന്നി ഒരു ഡിറ്റൻഷൻ ഉദ്യോഗസ്ഥൻ ബാത്ത്റൂം വാതിൽ തുറന്നപ്പോൾ കിം ശ്രമം ഉപേക്ഷിച്ചുവെന്നും ഷിൻ കൂട്ടിച്ചേർത്തു.

നാടകീയ നീക്കത്തിലൂടെയാണ് ദക്ഷിണകൊറിയയില്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ പട്ടാളനിയമം പ്രഖ്യാപിച്ചത്. പ്രതിപക്ഷവുമായുള്ള പ്രശ്നങ്ങള്‍ക്കിടെ ഈ മാസം മൂന്നിന് രാത്രിയാണ് പ്രഖ്യാപനമുണ്ടായത്. ഇതോടെ രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചു. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സൈന്യം രംഗത്തിറങ്ങി. പാര്‍ലമെന്റിന്റെ പ്രവേശനകവാടം അടച്ചു. പിന്നാലെ വന്‍പ്രതിഷേധം. എന്നാല്‍, സംഘര്‍ഷാവസ്ഥ നീണ്ടത് 6 മണിക്കൂര്‍മാത്രമായിരുന്നു. 

പ്രസിഡന്റിന്റെ തീരുമാനം ദേശീയ അസംബ്ലി തള്ളി. പ്രസിഡന്റിന്റെ പാര്‍ട്ടിയില്‍പ്പെട്ടവരടക്കം അദ്ദേഹത്തിന്റെ തീരുമാനത്തിനെതിരെ വോട്ടുരേഖപ്പെടുത്തി. ഇതോടെ പിറ്റേന്ന് പുലര്‍ച്ചെ നാലരയോടെ പട്ടാളനിയമം പിന്‍വലിക്കപ്പെട്ടു.