വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണ്‍ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം തകര്‍ന്നുവീണ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ റഷ്യന്‍ ഐസ് സ്‌കേറ്റിങ് ദമ്പതികള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഐസ് സ്‌കേറ്റിങ്ങില്‍ മുന്‍ ലോക ചാമ്പ്യന്മാരായ യെവ്ജീനിയ ഷിഷ്‌കോവയും ഭര്‍ത്താവ് വാദിം നൗമോവും വിമാനത്തിലുണ്ടായിരുന്നതായി റഷ്യന്‍ ഏജന്‍സികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

To advertise here,

1995-ല്‍ വിവാഹിതരായ ഷിഷ്‌കോവയും നൗമോവും 1994-ല്‍ ഫിഗര്‍ സ്‌കേറ്റിങ്ങില്‍ പെയര്‍വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയിരുന്നു. 1998 മുതല്‍ അമേരിക്കയില്‍ താമസിക്കുന്ന ഇരുവരും അവിടെ യുവ ഐസ് സ്‌കേറ്റര്‍മാരെ പരിശീലിപ്പിക്കുകയായിരുന്നു. സിങ്കിള്‍സ് സ്‌കേറ്റിങ്ങില്‍ അമേരിക്കയ്ക്കുവേണ്ടി മത്സരിച്ച ഇരുവരുടേയും മകന്‍ മാക്‌സിമും വിമാനത്തില്‍ ഉണ്ടായിരുന്നതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

ജനുവരി 20 മുതല്‍ 26 വരെ വിചുതയില്‍ നടന്ന യുഎസ് ഫിഗര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മാക്‌സിം മത്സരിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മത്സരശേഷം മടങ്ങിയ ഇവര്‍ക്കൊപ്പം ഒരു കൂട്ടം യുവ സ്‌കേറ്റര്‍മാരുമുണ്ടായിരുന്നതായും വിവരമുണ്ട്. ഇവരില്‍ പലരും അമേരിക്കയിലെ റഷ്യന്‍ കുടിയേറ്റക്കാരുടെ കുട്ടികളാണ്. സോവിയറ്റ് യൂണിയനു വേണ്ടി മത്സരിച്ച മുന്‍ സ്‌കേറ്ററായ ഇന്ന വോളിയന്‍സ്‌കായയും വിമാനത്തിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 

ബുധനാഴ്ച രാത്രി റീഗന്‍ നാഷണല്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ - 700 എന്ന വിമാനം പോടോമാക് നദിയില്‍ വീണത്. വൈറ്റ് ഹൗസിന്റെ അഞ്ച് കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. അമേരിക്കന്‍ സൈന്യത്തിന്റെ യു.എച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് വിമാനവുമായി കൂട്ടിയിടിച്ചത്.  

വിമാനത്തില്‍ അറുപതിലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്.