വാഷിങ്ടണ്‍: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അമിതമായി തീരുവ ഈടാക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏപ്രില്‍ രണ്ട് ബുധനാഴ്ചയാണ് വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന തീരുവ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. അമേരിക്കയുമായി വ്യാപാരബന്ധമുള്ള 60 രാജ്യങ്ങള്‍ക്കാണ് പകരച്ചുങ്കം ചുമത്തിയിരിക്കുന്നത്. അമേരിക്കയില്‍ എത്തുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും പത്ത് ശതമാനം അടിസ്ഥാന തീരുവയായി ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ ഈടാക്കുന്ന ഇറക്കുമതി തീരുവയും അവരുടെ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്താന്‍ ഉദേശിക്കുന്ന നികുതിയും ഉള്‍പ്പെടെയുള്ള ചാര്‍ട്ട് ഉയര്‍ത്തി കാണിച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യ, ചൈന, യൂറോപ്യന്‍ യൂണിയന്, തുടങ്ങിയ രാജ്യങ്ങളുടെ പേരുകള്‍ ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു. അടിസ്ഥാന നികുതിയായ 10 ശതമാനം ഏപ്രില്‍ അഞ്ച് മുതല്‍ ചുമത്തി തുടങ്ങുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്.
അമേരിക്കയുടെ സുപ്രധാന വ്യാപാര പങ്കാളികള്‍ക്കെല്ലാമെതിരേ പകരച്ചുങ്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ തന്നെ സുപ്രധാന വിപണികളില്‍ ഒന്നായ ചൈനയ്ക്ക് 34 ശതമാനം ഇറക്കുമതി തീരുവയാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യക്ക് 26 ശതമാനം, യൂറോപ്യന്‍ യൂണിയന് 20 ശതമാനം, വിയറ്റ്നാമിന് 46 ശതമാനം, ജപ്പാന് 24 ശതമാനം, തായ്വാന് 32 ശതമാനം, ദക്ഷിണ കൊറിയയ്ക്ക് 25 ശതമാനം, തായ്ലന്റിന് 36 ശതമാനവുമാണ് യു.എസ്. ഏര്‍പ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന പകരച്ചുങ്കങ്ങള്‍.
ഇതില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തിയിട്ടുള്ളത് ചൈനയ്ക്കാണ്. നിലവില്‍ ചൈനയില്‍ നിന്ന് അമേരിക്കയില്‍ എത്തുന്ന ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം നികുതി ഈടാക്കുന്നുണ്ട്. ഇതിനുപുറമെയാണ് പുതുതായി 34 ശതമാനം തീരുവ കൂടി ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ അമേരിക്കയില്‍ എത്തിക്കുന്നതിന് 54 ശതമാനം ഇറക്കുമതി തീരുവ നല്‍കണമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്.
ഇറക്കുമതി തീരുവയ്ക്ക് പുറമെ, ചൈനയില്‍ നിന്നുള്ള മറ്റ് ഇറക്കുമതികള്‍ക്കും യുഎസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയില്‍ നിന്നെത്തുന്ന 800 ഡോളര്‍ താഴെ വിലയുള്ള പാഴ്സലുകള്‍ക്ക് അനുവദിച്ചിരുന്ന നികുതി ഇളവുകളും നിര്‍ത്തലാക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തില്‍ എത്തുന്ന പാഴ്സലുകള്‍ക്ക് 30 ശതമാനം നികുതിയോ ഓരോ ഉത്പന്നത്തിനും 25 മുതല്‍ 50 ഡോളര്‍ വരെ നികുതി ഈടാക്കാനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്.
സാമ്പത്തിക രംഗത്തെ വിമോചന ദിനമായി വിശേഷിപ്പിച്ച ഏപ്രില്‍ രണ്ടാം തീയതിയിലെ പ്രഖ്യാപനത്തില്‍ നിന്ന് അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായ കാനഡയേയും മെക്സിക്കൊയേയും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ ചുമത്തിയ 25 ശതമാനം തീരുവയില്‍ ഇളവ് നല്‍കിയിട്ടില്ല. 1962-ലെ ട്രേഡ് ആക്ട് സെക്ഷന്‍ 232 അനുസരിച്ച് 25 ശതമാനം താരിഫ് നല്കുന്ന വാഹനങ്ങള്‍, സ്പെയര്‍ പാര്‍ട്സുകള്‍, സ്റ്റീല്‍, അലുമിനിയം തുടങ്ങിയവയെ പുതിയ തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Content Highlights: US President Trump announced new tariffs on imports from 60 countries, including China and India
Published: 03 Apr 2025, 02:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented