വാഷിങ്ടൺ: തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ യുഎസ് പ്രസിഡന്റ ഡോണാൾഡ് ട്രംപിന് കൈമാറിയതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി നൊബേൽ ഫൗണ്ടേഷൻ. സമ്മാനം പ്രതീകാത്മകമായി മറ്റൊരാൾക്ക് കൈമാറാനാകില്ലെന്ന് നൊബേൽ ഫൗണ്ടഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

To advertise here,

നൊബേൽ സമ്മാനം പ്രതീകാത്മകമായി പോലും കൈമാറാനോ വിതരണം ചെയ്യാനോ പാടില്ല. നൊബേൽ ഫൗണ്ടേഷന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം നൊബേൽ സമ്മാനത്തിന്റെയും ഭരണപരമായ കാര്യങ്ങളുടേയും അന്തസ്സ് സംരക്ഷിക്കുക എന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു.

ആൽഫ്രഡ് നൊബേലിന്റെ വിൽപ്പത്രവും അതിന്റെ നിബന്ധനകളും ഫൗണ്ടേഷൻ ഉയർത്തിപ്പിടിക്കുന്നു. മനുഷ്യരാശിക്കുവേണ്ടി ഏറ്റവും വലിയ സംഭാവനകൾ നൽകിയവർക്കാണ് സമ്മാനങ്ങൾ നൽകേണ്ടതെന്ന് അതിൽ വ്യക്തമായി പറയുന്നുണ്ട്. ഓരോ സമ്മാനത്തിനും അർഹർ ആരാണെന്ന കാര്യവും അതിൽ വ്യക്തമായി പറയുന്നുണ്ടെന്നും നൊബേൽ ഫൗണ്ടേഷൻ വ്യക്തമാക്കി.

തനിക്ക് ലഭിച്ച നൊബേൽ സമ്മാനം മരിയ കൊറിന മച്ചാഡോ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് കൈമാറിയിരുന്നു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ സൈനിക നടപടിയിലൂടെ പിടികൂടിയ സംഭവം ആഗോള തലത്തിൽ ചർച്ചയാകുന്ന സാഹചര്യത്തിലായിരുന്നു സമാധാനത്തിനുള്ള നൊബേൽ കൈമാറ്റം. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലായിരുന്നു പുരസ്കാരം ട്രംപിന് നൽകിയത്.

സമാധാന നൊബേലിന് തന്റെയത്ര അർഹത മറ്റാർക്കുമില്ലെന്ന് ട്രംപ് വാദമുന്നയിച്ചിരുന്നു. അധികാരത്തിലേറി ഏഴുമാസത്തിനകം ഇന്ത്യ-പാകിസ്താൻ, കംബോഡിയ-തായ്ലാൻഡ്, കൊസോവോ-സെർബിയ, കോംഗോ-റുവാണ്ട, ഇസ്രയേൽ-ഇറാൻ, ഈജിപ്ത്-എത്യോപ്യ, അർമേനിയ-അസർബയ്ജാൻ തുടങ്ങിയ ഏഴ് അന്താരാഷ്ട്ര സംഘർഷങ്ങൾ/യുദ്ധങ്ങൾ താൻ പരിഹരിച്ചിട്ടുണ്ടെന്നും സമാധാന നൊബേലിന് എന്തുകൊണ്ടും താൻ അർഹനാണെന്നുമായി ട്രംപിന്റെ വാദം.

പിന്നീട് സമാധാനത്തിനുള്ള നൊബേൽ സമ്മാനം മരിയ കൊറിന മച്ചാഡോയ്ക്ക് ലഭിച്ചതിന് പിന്നാലെ നൊബേൽ ജേതാവിനെ സഹായിച്ചത് താനാണെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തി. തുടർന്ന് പുരസ്കാരം താൻ ട്രംപിനുകൂടി സമർപ്പിക്കുന്നുവെന്ന് അവാർഡ് ജേതാവ് മച്ചാഡോ പറഞ്ഞിരുന്നു. തുടർന്നാണ് കഴിഞ്ഞദിവസം ട്രംപിനെ നേരിട്ടുകണ്ട് പുരസ്കാരം കൈമാറിയത്.

എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതിന് മച്ചാഡോ തനിക്ക് പുരസ്കാരം വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നാണ് ട്രംപിന്റെ വാദം. ചരിത്രത്തിൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് മറ്റാരേക്കാളും അർഹൻ താൻതന്നെയാണെന്നും ട്രംപ് അവകാശപ്പെട്ടു.