ബിഷ്‌കെക്: ഭീകരവാദത്തെ നേരിടുന്നതിൽ ലോകരാഷ്ട്രങ്ങൾ ഇരട്ടത്താപ്പ് ഒഴിവാക്കണമെന്നും ഭീകരർക്ക് അഭയം നൽകുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും അംഗരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ചൊവ്വാഴ്ച കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെക്കിൽ നടന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ (SCO) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം രാജ്യങ്ങളുടെ പരമാധികാരത്തിന് ഭീഷണിയാണെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ നീതിപൂർവമായ ശിക്ഷയിൽനിന്ന് മുക്തരല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകത്തിന്റെ സമാധാനത്തിനായി ചർച്ചകൾക്കും നയതന്ത്രത്തിനും മുൻഗണന നൽകണമെന്ന് അഭിപ്രായപ്പെട്ട സിങ്, പ്രാദേശിക സ്ഥിരത ഉറപ്പാക്കാൻ അംഗരാജ്യങ്ങൾക്കിടയിൽ പരസ്പര വിശ്വാസവും തുല്യതയും അത്യാവശ്യമാണെന്നും വ്യക്തമാക്കി. 

പാകിസ്താനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്, 'ഒരു രാഷ്ട്രത്തിന്റെ പരമാധികാരത്തെ തന്നെ ആക്രമിക്കുന്ന, അതിർത്തി കടന്നുള്ള 'സ്റ്റേറ്റ് സ്‌പോൺസേഡ്' ഭീകരവാദത്തെ നാം കണ്ടില്ലെന്ന് നടിക്കരുത്. അത്തരം ഘടകങ്ങളെ സഹായിക്കുകയും അഭയം നൽകുകയും ചെയ്യുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ എസ്.സി.ഒ. മടിക്കരുത്.' എസ്.സി.ഒ. പ്രതിരോധ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സിങ് പറഞ്ഞു.

ഇന്ത്യയുടെ സൈനിക കരുത്തിനെക്കുറിച്ചും നിശ്ചയദാർഢ്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ശക്തമായ ദേശീയ ദൃഢനിശ്ചയത്തിന്റെ വ്യക്തമായ പ്രകടനമായി 'ഓപ്പറേഷൻ സിന്ദൂർ' സൈനിക പ്രതികരണത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി. ആ സമയത്തെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ട്, ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രങ്ങൾ ഇനി അർഹമായ ശിക്ഷയിൽനിന്ന് മുക്തമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നീ മൂന്ന് തിന്മകളെ നേരിടുന്നതിലെ സ്ഥിരതയെ ആശ്രയിച്ചിരിക്കും എസ്.സി.ഒ. കൂട്ടായ്മയുടെ വിശ്വാസ്യതയെന്ന് സിങ് അഭിപ്രായപ്പെട്ടു.

ഭീകരവാദത്തിന് ദേശീയതയോ ദൈവശാസ്ത്രമോ ഇല്ല എന്ന് പറഞ്ഞ സിങ്, അന്താരാഷ്ട്ര നിലവാരത്തിന്റെ സുസ്ഥിരമായ സംരക്ഷകരായി പ്രവർത്തിക്കണമെന്ന് ഫോറത്തോട് ആവശ്യപ്പെടുകയും ചെയ്തു.

ആഗോള സുരക്ഷയെക്കുറിച്ച് പരാമർശിക്കവെ, വർദ്ധിച്ചുവരുന്ന ഏകപക്ഷീയത കാരണം അന്താരാഷ്ട്ര സമൂഹം ഒരു യാഥാർത്ഥ്യ പരിശോധന നേരിടുകയാണെന്ന് പ്രതിരോധ മന്ത്രി അഭിപ്രായപ്പെട്ടു. 'നിലവിലെ പ്രതിസന്ധി നിലവിലുള്ള ചട്ടക്കൂടിന്റെ അഭാവമല്ല, മറിച്ച് സ്ഥാപിതമായ നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ലോകക്രമത്തെ ചോദ്യം ചെയ്യാനുള്ള പ്രവണതയിൽ നിന്നാണ് ഉടലെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

'ഭിന്നതകൾ തർക്കങ്ങളായി മാറാത്തതും തർക്കങ്ങൾ ദുരന്തങ്ങൾക്ക് വഴിവെക്കാത്തതുമായ ഒരു ക്രമം നമുക്ക് ആവശ്യമാണ്.' അദ്ദേഹം പറഞ്ഞു. ദുർബലർക്കെതിരെ അധികാരം ഉപയോഗിക്കുന്നതിനേക്കാൾ, സ്വയം പ്രതിരോധിക്കാൻ കഴിയാത്തവരെ സംരക്ഷിക്കുന്നതിലാണ് അധികാരത്തിന്റെ യഥാർത്ഥ പരീക്ഷണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

നിലവിലെ കാലഘട്ടം അക്രമത്തിന്റെയും യുദ്ധത്തിന്റെയും യുഗമല്ല, മറിച്ച് സമാധാനത്തിന്റെയും സമൃദ്ധിയുടെയും യുഗമായി മാറുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ സാധിക്കണമെന്നും അദ്ദേഹം അംഗരാജ്യങ്ങളോട് അഭ്യർത്ഥിച്ചു. 'വസുധൈവ കുടുംബകം' എന്ന തത്ത്വചിന്തയിലൂടെ എസ്.സി.ഒ.-യുടെ ലക്ഷ്യത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ച പ്രതിരോധ മന്ത്രി, പ്രാദേശിക സുസ്ഥിരതയ്ക്ക് ഗണ്യമായ സംഭാവന നൽകാനുള്ള കരുത്ത് ഈ സംഘടനയ്ക്കുണ്ടെന്ന് ഇന്ത്യ വിശ്വസിക്കുന്നതായും വ്യക്തമാക്കി.