
കാഠ്മണ്ഡു: അഴിമതിക്കും സാമൂഹിക മാധ്യമ നിരോധനത്തിനും പിന്നാലെ നേപ്പാളില്‍ പൊട്ടിപ്പുറപ്പെട്ട യുവജന പ്രക്ഷോഭത്തിന് പിന്നാലെ നേപ്പാളില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ ഒട്ടേറെ മന്ത്രിമാര്‍ രാജിവെച്ചിരുന്നു. കലാപത്തെ തുടര്‍ന്ന് നാഥനില്ലാത്ത അവസ്ഥയിലാണ് നേപ്പാള്‍. എന്നാല്‍, പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുപ്പിലൂടെ അധികാരമേല്‍പ്പിക്കുന്നത് വരെ രാജ്യത്തെ നയിക്കാന്‍ ഇടക്കാല സര്‍ക്കാര്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടക്കാല പ്രധാനമന്ത്രിയായി ജെൻ സീ പ്രക്ഷോഭത്തിന്റെ പിന്നിലുള്ളവര്‍ ഉയര്‍ത്തിക്കാണിക്കുന്നത് കാഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷാ എന്ന യുവാവിനെയാണ്.
രാജ്യത്ത് ഒരു സൈനിക അട്ടിമറി ഉണ്ടാകാതിരിക്കാന്‍ ബാലേന്ദ്ര ഷായെ ഇടക്കാല സര്‍ക്കാരിന്റെ തലവനായി നിയമിക്കണമെന്ന ആവശ്യമാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. ഇതിനായുള്ള പ്രചാരണവും അവര്‍ ആരംഭിച്ചു. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് കെ.പി. ശര്‍മ ഒലി രാജിവെച്ചതിന് പിന്നാലെയാണ് ബാലേന്ദ്ര ഷായെ ഉയര്‍ത്തിക്കാട്ടി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വന്നുതുടങ്ങിയത്. ഒലിയോട് രാജിവയ്ക്കാന്‍ പട്ടാള മേധാവി ആവശ്യപ്പെട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.

ഇതിനിടെയാണ് ബലേന്ദ്ര ഷായെ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണങ്ങള്‍ തുടങ്ങിയത്. സിവില്‍ എഞ്ചിനീയറും റാപ്പറുമായിരുന്ന ബാലേന്ദ്ര ഷാ, സ്വതന്ത്രനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ച്, അഴിമതിക്കെതിരായ നിലപാടുകളിലൂടെയും യുവജനങ്ങളുടെ പിന്തുണയിലൂടെയുമാണ് നേപ്പാളില്‍ ശ്രദ്ധേയനായത്.
യുവജനങ്ങളുടെ ഇടയില്‍ വലിയ സ്വാധീനമുള്ള, രാഷ്ട്രീയക്കാരനല്ലാത്ത നേതാവായാണ് ഇദ്ദേഹം ഉയര്‍ന്നുവന്നത്. സാമൂഹിക മാധ്യമങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിനും അഴിമതിക്കുമെതിരെ നിലവില്‍ നടക്കുന്ന യുവജന പ്രക്ഷോഭങ്ങള്‍ക്ക് ബാലേന്ദ്ര ഷാ ശക്തമായ പിന്തുണ നല്‍കിയിരുന്നു.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി 2022-ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച്, പ്രബലരായ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുള്ള എതിരാളികളെ പരാജയപ്പെടുത്തി കാഠ്മണ്ഡു മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചയാളാണ് ബാലേന്ദ്ര ഷാ. നഗരത്തിലെ തെരുവുകള്‍ വൃത്തിയാക്കുക, പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുക, നികുതി വെട്ടിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടു. ഇതോടെ യുവാക്കള്‍ക്കിടയില്‍ വലിയ പിന്തുണയുമുണ്ടായി.
ടൈം മാഗസിന്‍ 'ടോപ്പ് 100 എമര്‍ജിംഗ് ലീഡേഴ്‌സ്' പട്ടികയില്‍ ഉള്‍പ്പെടുത്തിയ ആളാണ് ബാലേന്ദ്ര ഷാ. സുതാര്യവും ജനകീയവുമായ രാഷ്ട്രീയ ശൈലിയെ പ്രശംസിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ ലേഖനവും വന്നിരുന്നു. നേപ്പാളിലെ ഭരണ സംവിധാനങ്ങളിലുള്‍പ്പെടെ കാലോചിതമായ പരിഷ്‌കരണങ്ങള്‍ വേണമെന്ന ആവശ്യമാണ് ബാലേന്ദ്ര ഷാ മുന്നോട്ടുവയ്ക്കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ട് യുവാക്കള്‍ ഇദ്ദേഹത്തെ പരമ്പാരഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ബദലായാണ് കാണുന്നത്.
Content Highlights: Nepal Crisis: Balendra Shah`s Rise Amidst Political Upheaval
Published: 09 Sept 2025, 04:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented