മെക്സിക്കോ സിറ്റി: മെക്സിക്കൻ സെനറ്റ് സമ്മേളനത്തിൽ രണ്ട് ഉന്നത സെനറ്റർമാർ തമ്മിൽ  കയ്യാങ്കളി. സമ്മേളനത്തിൽ സംസാരിക്കാൻ അവസരം ലഭിക്കാത്തതിൽ പ്രകോപിതനായതിനെ തുടർന്ന് പ്രതിപക്ഷത്തെ ഒരു സെനറ്റർ ഭരണപക്ഷത്തെ സെനറ്ററെ അക്രമിക്കുകയും ഇത് കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നുവെന്ന് സിഎൻഎൻ  റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

ബുധനാഴ്ചയായിരുന്നു സംഭവം. മെക്സിക്കോയിൽ യുഎസ് സൈനിക ഇടപെടൽ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് സമ്മേളനത്തിൽ ചൂടേറിയ ചർച്ച നടന്നു. സമ്മേളനം അവസാനിക്കുന്നതിന് മുന്നോടിയായി ദേശീയഗാനം ആലപിക്കുന്നതിനിടെ   പ്രതിപക്ഷ പാർട്ടിയായ പിആർഐയുടെ പ്രസിഡൻ്റ് അലെജാൻഡ്രോ മൊറേനോ പോഡിയത്തിലേക്ക് കയറി, ഭരണകക്ഷിയായ മൊറേന പാർട്ടിക്കാരനായ സെനറ്റ് പ്രസിഡൻ്റ് ജെറാർഡോ ഫെർണാണ്ടസ് നൊറോനയുടെ കയ്യിൽ പിടിക്കുകയും തുടർന്ന് ഉന്തും തള്ളുമുണ്ടാവുകയുമായിരുന്നു.

സംഭവത്തിൻ്റെ തത്സമയ ദൃശ്യങ്ങളിൽ, സ്യൂട്ട് ധരിച്ച ഒരാൾ നൊറോനയെ അടിക്കാൻ ശ്രമിക്കുന്നതും, മൊറേനോ പച്ച ഷർട്ടിട്ട മറ്റൊരാളെ(ഭരണകക്ഷി അംഗം) നിലത്തേക്ക് തള്ളിയിടുന്നതും കാണാം. തുടർന്ന് മൊറേനോയ്ക്കെതിരെ ​ഗുരു​ഗര ആരോപണങ്ങളുമായി നൊറോനയും മർദനമേറ്റ ഭരണകക്ഷി അം​ഗവും മാധ്യമങ്ങൾക്കുമുന്നിലെത്തി.

പ്രതിപക്ഷ സെനറ്റർമാർ തനിക്കെതിരെ സംഘം ചേരുകയായിരുന്നുവെന്ന് നൊറോന പറഞ്ഞു. മൊറേനോ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹത്തിനെതിരെ പരാതി നൽകുമെന്നും നൊറോന പറഞ്ഞു. ആക്രമണം അഴിച്ചുവിട്ട മൊറേനോയെയും മറ്റ് പ്രതിപക്ഷ അംഗങ്ങളെയും പുറത്താക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രതിപക്ഷത്തെ സമ്മേളനത്തിൽ സംസാരിക്കുന്നതിൽ നിന്ന് തടയാനായി ഭരണകക്ഷി സമ്മേളനത്തിൻ്റെ അജണ്ട മാറ്റിയതിനാലാണ് താൻ നൊറോനയെ നേരിട്ടതെന്ന് മൊറേനോ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. ആദ്യം കായികപരമായി ആക്രമണം നടത്തിയത് നൊറോനയാണെന്നും തന്നെ തള്ളിയിട്ടുകൊണ്ട് സെനറ്റ് പ്രസിഡൻ്റ് ആണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നും മൊറേനോ അവകാശപ്പെട്ടു.