ക്വെറ്റ: ഭീകരത നിറഞ്ഞ മണിക്കൂറുകളിലൂടെയാണ് തങ്ങള്‍ കടന്നുപോയതെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി റാഞ്ചിയ ജാഫര്‍ എക്‌സ്പ്രസില്‍നിന്ന് രക്ഷപ്പെട്ട യാത്രികര്‍. അനങ്ങാനാകാതെ 27 മണിക്കൂറോളം പലര്‍ക്കും തറയില്‍ കിടക്കേണ്ടി വന്നുവെന്ന്‌ അവര്‍ പറഞ്ഞു. 30 മണിക്കൂറുകളോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് പാക് സൈനികര്‍ ബന്ദികളാക്കപ്പെട്ട യാത്രക്കാരെ മോചിപ്പിച്ചത്. 

To advertise here,

ചൊവ്വാഴ്ചയാണ് 450-ലേറെ യാത്രക്കാരുമായി പുറപ്പെട്ട ജാഫര്‍ എക്‌സ്പ്രസ് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി റാഞ്ചിയത്. ട്രെയിന്റെ എഞ്ചിന് താഴെ സ്‌ഫോടനം നടത്തി ബോഗികള്‍ പാളം തെറ്റിച്ചു. ട്രെയിന്‍ നിന്നതോടെ പലയിടങ്ങളില്‍നിന്നായി ആക്രമികള്‍ ബോഗികളുടെ ജനലിന്റെ ചില്ലുകള്‍ തകര്‍ത്ത് അകത്തുകയറി. രക്ഷപ്പെട്ട ട്രെയിന്‍ ലോക്കോ പൈലറ്റ് അംജദ് പറഞ്ഞു. 

ട്രെയിനിലകപ്പെട്ടവര്‍ക്ക് ഭയനാകമായ നിമിഷങ്ങളായിരുന്നു അത്. ആയുധധാരികള്‍ യാത്രക്കാരെ അവരുടെ സ്വദേശത്തിനനുസരിച്ച് വേര്‍തിരിച്ചു. ബലൂചിസ്താന്‍ സ്വദേശികളെ സുരക്ഷിതമായി മാറ്റി നിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ഇത്. മറ്റുള്ളവരെ ബന്ദികളാക്കി. അവധിയെടുത്ത് യാത്ര ചെയ്യുകയായിരുന്ന പാക് സുരക്ഷാ ഉദ്യോഗസ്ഥരും സൈനികരുമാണ് ആദ്യം ബി.എല്‍.എയുടെ ഇരകളായത്. യാത്രക്കാരിലെ സൈനികരെ തിരഞ്ഞെടുപിടിച്ച് കൊണ്ടു പോയി അവര്‍ വധിച്ചു. ചില വ്യക്തികള്‍ക്കെതിരെയും ആക്രമികള്‍ തിരിഞ്ഞുവെന്ന് അംജദ് പറയുന്നു. ദേഷ്യം തോന്നിയവരെയെല്ലാം അവിടെവെച്ച് തന്നെ വെടിവെച്ചു കൊന്നു. 

ട്രെയിനില്‍നിന്ന് രക്ഷപ്പെട്ടോടിയവര്‍ക്ക് നേരെ വിഘടനവാദികള്‍ വെടിയുതിര്‍ത്തു. ഇതില്‍ ചിലര്‍ രക്ഷപ്പെട്ടുവെന്നും നിരവധിയാളുകള്‍ കൊല്ലപ്പെട്ടുവെന്നും രക്ഷപ്പെട്ട യാത്രക്കാരില്‍ ഒരാളായ മെഹബൂബ് അഹമ്മദ് പറഞ്ഞു. വെടിയേറ്റ മുറിവുകളുമായി ചികിത്സയിലാണ് ഇയാള്‍. ബന്ദികള്‍ക്ക് വെള്ളം മാത്രമാണ് നല്‍കിയതെന്ന് മറ്റൊരു യാത്രക്കാരനായ മുഹമ്മദ് തന്‍വീര്‍ പറഞ്ഞു. 

വര്‍ഷങ്ങളായി പാകിസ്താനിലെ പ്രശ്‌നബാധിത മേഖലയാണ് ബലൂചിസ്താന്‍. പാകിസ്താനില്‍നിന്ന് മോചനം ആവശ്യപ്പെട്ടുള്ള പോരാട്ടത്തില്‍ നിരവധി വിമത ഗ്രൂപ്പുകള്‍ ഭാഗമാണ്. ധാതു വിഭവസമൃദ്ധമായ ബലൂചിസ്ഥാനിലാണ് ചൈനയുടെ നേതൃത്വത്തിലുള്ള വമ്പന്‍ പദ്ധതികളും ഗ്വാദര്‍ തുറമുഖവും സ്വര്‍ണം, ചെമ്പ് ഖനികളും സ്ഥിതി ചെയ്യുന്നത്. 

ഏറെക്കാലമായി പാക് സുരക്ഷാ സേനകളേയും സര്‍ക്കാര്‍ സ്ഥാപനങ്ങളേയും വിദേശ പദ്ധതികളെയും ലക്ഷ്യമിട്ട് ബലൂച് വിമതര്‍ ആക്രമണം നടത്തുന്നുണ്ട്. എന്നാല്‍, ഇതാദ്യമായാണ് ഒരു യാത്രാട്രെയിന്‍ ഇവര്‍ റാഞ്ചുന്നത്. ബലൂചിസ്താന്‍ പ്രവിശ്യയിലെ ബോലാന്‍ മേഖലയിലെ ഒരു പര്‍വത പ്രദേശത്താണ് ട്രെയിന്‍ തടഞ്ഞിട്ടത്. റോക്കറ്റ് ലോഞ്ചറുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഗ്രനേഡുകളുമെല്ലാം അവരുടെ കൈവശമുണ്ടായിരുന്നു. ട്രെയിനിലെ യാത്രക്കാരെ ബന്ദികളാക്കി പാകിസ്താനിലെ സുരക്ഷാ സേനയോട് അവര്‍ ഏറ്റുമുട്ടി. 

ബുധനാഴ്ചയാണ് പാക്‌സൈന്യം ആക്രമികള്‍ക്ക് നേരെ ഏറ്റുമുട്ടല്‍ ശക്തമാക്കിയത്. 30-ല്‍ ഏറെ ബി.എല്‍.എ. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് പാക് അധികൃതര്‍ നല്‍കുന്ന വിവരം. 21 സാധാരണക്കാരും സംഭവത്തില്‍ കൊല്ലപ്പെട്ടു. 300-ഓളം ബന്ദികളെ രക്ഷപ്പെടുത്തിയെന്നും പാക് അധികൃതര്‍ പറയുന്നു.

എന്നാല്‍, ഏറ്റുമുട്ടല്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന പാക് അധികൃതരുടെ അവകാശവാദം ബി.എല്‍.എ. തള്ളി. പോരാട്ടം അവസാനിച്ചിട്ടില്ലെന്നാണ് ബി.എല്‍.എ.  സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പറയുന്നത്. ഇപ്പോഴും ബന്ദികള്‍ തങ്ങളുടെ പക്കലുണ്ട്. പാകിസ്താന്‍ രക്ഷപ്പെടുത്തിയെന്ന് പറയുന്നവരെ യഥാര്‍ത്ഥത്തില്‍ തങ്ങള്‍ വിട്ടയച്ചതാണെന്നും ബി.എല്‍.എ. വക്താവ് ജീയാന്ദ് ബലൂച് പറഞ്ഞു.