ജറുസലേം: ഗാസയിൽ നടക്കുന്നത് പലസ്തീൻകാരുടെ ‘വംശഹത്യ’യാണെന്ന് ഇസ്രയേലിലെ രണ്ട് പ്രമുഖ സന്നദ്ധസംഘടനകളായ (എൻജിഒ) ബെത്‌സലെമും ഫിസിഷൻസ് ഫോർ ഹ്യൂമൻ റൈറ്റ്സും പറഞ്ഞു. ആദ്യമായാണ് ഏതെങ്കിലും ഇസ്രയേലി എൻജിഒ ഇങ്ങനെ പറയുന്നത്. ഇസ്രയേൽ സർക്കാരിന്റെ നയങ്ങളെ പതിവായി വിമർശിക്കുന്ന സംഘടനകളാണ് രണ്ടും. എന്നാൽ, തിങ്കളാഴ്ച ഇവരിറക്കിയ പ്രസ്താവന പതിവിലും രൂക്ഷമാണ്.

To advertise here,

“വംശഹത്യനടത്തുന്ന ഒരു സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവിനായി ആരും നിങ്ങളെ ഒരുക്കേണ്ടകാര്യമില്ല. ഇത് നമുക്ക് വളരെ വേദനാജനകമായ നിമിഷമാണ്” എന്ന് ബെത്‌സലേം എക്സിക്യുട്ടീവ് ഡയറക്ടർ യൂലി നൊവാക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“ഇവിടെ ജീവിക്കുകയും അനുദിന യാഥാർഥ്യങ്ങൾക്ക് സാക്ഷികളാവുകയും ചെയ്യുന്ന ഇസ്രയേൽക്കാരും പലസ്തീൻകാരുമായ നമുക്ക് കഴിയുന്നത്ര വ്യക്തതയോടെ സത്യം പറയാനുള്ള ചുമതലയുണ്ട്. ഇസ്രയേൽ പലസ്തീൻകാരെ വംശഹത്യചെയ്യുകയാണ്”- അവർ പറഞ്ഞു.

എന്നാൽ, എൻജിഒകളുടെ പ്രസ്താവന തള്ളിക്കളയുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വക്താവ് ഡേവിഡ് മെൻസർ അറിയിച്ചു. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ കടന്നുകയറി 1200-ഓളം പേരെ വധിക്കുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതിനു പിന്നാലെയാണ് ഗാസയിൽ യുദ്ധം തുടങ്ങിയത്.

ദ്വിരാഷ്ട്രപരിഹാരത്തിനു ബദലില്ല -ഫ്രാൻസ്

ന്യൂയോർക്ക്: ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്ട്രപരിഹാരമല്ലാതെ ബദലൊന്നുമില്ലെന്ന് ഫ്രാൻസ് പറഞ്ഞു. ഇക്കാര്യമുന്നയിച്ച് ഫ്രാൻസും സൗദി അറേബ്യയും സംയുക്തമായി ആധ്യക്ഷ്യം വഹിക്കുന്ന മൂന്നുദിന യുഎൻ സമ്മേളനം തിങ്കളാഴ്ച തുടങ്ങി.

സമാധാനത്തിലും സുരക്ഷയിലും ജീവിക്കുകയെന്ന ഇസ്രയേലുകാരുടെയും പലസ്തീൻകാരുടെയും ന്യായമായ ആഗ്രഹത്തിനു സഹായകമാകുന്നത് ദ്വിരാഷ്ട്രപരിഹാരം മാത്രമാണെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാങ് നോയൽ ബറോ പറഞ്ഞു. സെപ്റ്റംബറിൽ പലസ്തീൻരാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യുഎന്നിലെ 193 രാജ്യങ്ങളിൽ ഫ്രാൻസുൾപ്പെടെ 142 എണ്ണം ഇപ്പോൾ പലസ്തീനെ അംഗീകരിക്കുന്നുണ്ട്. എന്നാൽ, ഗാസായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പലസ്തീൻരാഷ്ട്രനിർമാണം അസാധ്യമാകുമോ എന്ന ഭയമുണ്ട്. ഈ പശ്ചാത്തലത്തിലാണ് യുഎൻ സമ്മേളനം.

പലസ്തീനിയൻ അതോറിറ്റിയെ പരിഷ്കരിക്കുക, ഹമാസിനെ നിരായുധീകരിക്കകയും പലസ്തീന്റെ പൊതുജീവിതത്തിൽനിന്ന് പുറത്താക്കുകയും ചെയ്യുക, ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാക്കുക എന്നീ ലക്ഷ്യങ്ങളും യുഎൻ സമ്മേളനത്തിനുണ്ട്. എന്നാൽ, യുഎസും ഇസ്രയേലും ഇതിൽ പങ്കെടുക്കുന്നില്ല.