ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ഇസ്രയേൽ മിസൈൽ ആക്രമണത്തോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ. 

To advertise here,

ഇസ്രയേലിനെതിരായ ഭീഷണികൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഇറാനെതിരെയുള്ള ആക്രമണമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ് പറഞ്ഞു. ആണവ കരാറുമായി ബന്ധപ്പെട്ട് യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടതും ബന്ധം അത്യന്തം വഷളായതിനും പിന്നാലെയാണ് ആക്രമണത്തിന് ഇസ്രയേലും യു.എസും തുനിഞ്ഞത്. ഇനി ഇറാന്റെ തിരിച്ചടി എന്താകും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ ഭരണകൂടം അറിയിച്ചുകഴിഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി യുഎസിനും ഇറാനുമിടയിൽ യുദ്ധ സമാനമായ സാഹചര്യമാണ് നിലനിന്നിരുന്നത്. ഫെബ്രുവരി ആദ്യവാരം, യുറേനിയം സമ്പുഷ്ടീകരണം നിർത്താൻ ഇറാൻ തയ്യാറല്ലെന്നും അമേരിക്കയുടെ സൈനിക വിന്യാസത്തെ ഭയക്കുന്നില്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്ചി വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ്‌ ഒമാനിൽവച്ച് ചർച്ചകൾ പുനരാരംഭിക്കാൻ ഇരുവിഭാഗവും തയ്യാറായത്. എന്നാൽ തങ്ങൾക്കുമേൽ യുഎസ് ഏർപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉപരോധം പിൻവലിക്കണമെന്ന കർശന നിലപാടിലായിരുന്നു ഇറാൻ.

ഫെബ്രുവരി പകുതിയോടെ ചർച്ചകൾ രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോൾ, തങ്ങളുടെ കൈവശമുള്ള 400 കിലോഗ്രാം യുറേനിയം ശേഖരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ അറിയിച്ചു. എങ്കിലും തങ്ങളുടെ ആവശ്യങ്ങൾക്കുള്ള യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും മിസൈൽ പദ്ധതികൾ ചർച്ചാവിഷയമാക്കില്ലെന്നും ഇറാൻ ആവർത്തിച്ചു. ഇറാന്റെ ഇസ്ഫഹാനിലെ ഭൂഗർഭ ആണവ കേന്ദ്രങ്ങളിൽ 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരിച്ചിട്ടുണ്ടെന്ന ഐഎഇഎ റിപ്പോർട്ട് ഇസ്രയേലിനെയും പ്രകോപിപ്പിച്ചിരുന്നു.

അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്യാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി ആവർത്തിച്ചു. ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പത്ത് ദിവസത്തിനുള്ളിൽ ധാരണയിലെത്തിയില്ലെങ്കിൽ സൈനിക നടപടി ഉണ്ടാകുമെന്ന് ഫെബ്രുവരി 19-ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് അന്ത്യശാസനം നൽകിയിരുന്നു.

ഈ കാലയളവിൽ മേഖലയിൽ വൻതോതിലുള്ള സൈനിക വിന്യാസമാണ് യുഎസ് നടത്തിയത്. യുഎസ്എസ് ജെറാൾഡ് ഫോർഡ്, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നീ വിമാനവാഹിനിക്കപ്പലുകൾക്ക് പുറമെ നൂറുകണക്കിന് യുദ്ധവിമാനങ്ങളും മേഖലയിൽ നിലയുറപ്പിച്ചു. ഇതിന് മറുപടിയായി ഇറാൻ റെവലൂഷണറി ഗാർഡ് ഹോർമുസ് കടലിടുക്ക് താൽക്കാലികമായി അടയ്ക്കുകയും മിസൈലുകൾ ഉപയോഗിച്ച് സൈനികാഭ്യാസം നടത്തുകയും ചെയ്തു. കൂടാതെ, യുഎസ് യുദ്ധക്കപ്പലുകളെ തകർക്കാൻ ശേഷിയുള്ള സിഎം-302 മിസൈലുകൾ ചൈനയിൽനിന്ന് വാങ്ങാൻ ഇറാൻ ശ്രമിച്ചതും യുഎസിനെ ചൊടിപ്പിച്ചു.

ആക്രമണത്തിന് മുമ്പുള്ള ദിവസങ്ങളിൽ ഇസ്രയേലിൽനിന്ന് മടങ്ങാൻ ഉദ്യോഗസ്ഥരോട് യുഎസ് നിർദ്ദേശം നൽകിയിരുന്നു. യുദ്ധഭീതി നിലനിൽക്കുന്നതിനാൽ ചൈനയും തങ്ങളുടെ പൗരന്മാരോട് ഇറാൻ വിടാൻ ആവശ്യപ്പെട്ടിരുന്നു. 2025 ജൂണിൽ ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണത്തിന് ശേഷം മേഖലയിലുണ്ടായ ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലാണിത്. നിലവിൽ ഇറാനിലെ ഇന്ത്യൻ പൗരന്മാരോട് ഉടൻ രാജ്യത്തേക്ക് മടങ്ങാൻ ഇന്ത്യൻ എംബസി അടിയന്തര നിർദേശം നൽകിയിട്ടുണ്ട്.