
ടെഹ്‌റാന്‍/വാഷിങ്ടണ്‍: രാജ്യത്തിനുനേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ യുഎസിനും പങ്കുണ്ടെന്ന് ആരോപിച്ച് ഇറാന്‍. അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ഷെകാര്‍ച്ചി പറഞ്ഞു. അതേ സമയം ഇസ്രയേലിന്റെ ആക്രമണം സംബന്ധിച്ച് അറിവുണ്ടായിരുന്നെങ്കിലും അതില്‍ പങ്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇറാന്‍-യുഎസ് ആണവ ചര്‍ച്ചകള്‍ തുടരുന്നതിനിടെയായിരുന്നു വെള്ളിയാഴ്ച രാത്രിയില്‍ ഇസ്രേയേലിന്റെ ആക്രമണം. ഇറാനുനേരെ ഇസ്രയേല്‍ ആക്രമണം നടത്തുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പശ്ചിമേഷ്യയില്‍നിന്നുള്ള അത്യാവശ്യമല്ലാത്ത നയതന്ത്രപ്രതിനിധികളോടും സൈനിക കുടുംബാംഗങ്ങളോടും തിരികെവരാന്‍ യുഎസ് നിര്‍ദേശിച്ചിരുന്നു.
ഇറാനു നേരെയുള്ള ആക്രമണത്തില്‍ പങ്കില്ലെന്ന് യുഎസ് ആവര്‍ത്തിക്കുന്നതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യന്യാഹു ട്രംപിന് നന്ദി അറിയിച്ചതും ശ്രദ്ധേയമാണ്. ആക്രമണത്തിന് ശേഷം നടത്തിയ വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ട്രംപിന് നന്ദി അറിയിച്ചത്. 'ട്രംപിന്റെ പ്രസിഡന്റ് കാലയളവിലുടനീളം നമ്മുടെ രാജ്യത്തിന് നല്‍കിയ സ്ഥിരമായ പിന്തുണയ്ക്ക് ഞാന്‍ അദ്ദേഹത്തിന് നന്ദി പറയുന്നു' നെതന്യാഹു പറഞ്ഞു.
എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്നാണ് ട്രംപ് ആവര്‍ത്തിച്ചിരിക്കുന്നത്. ഇറാന് അണുബോംബ് ഉണ്ടാക്കാന്‍ കഴിയില്ലെന്നും അവര്‍ ചര്‍ച്ചാ മേശയിലേക്ക് മടങ്ങിയെത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ട്രംപ് പറയുകയുണ്ടായി.
'ഇറാന്‍ നേതൃത്വത്തിലെ നിരവധിപേര്‍ തിരികെ വരില്ല' ഇറാന്‍ സൈനിക മേധാവികളടക്കം കൊല്ലപ്പെട്ടത് സൂചിപ്പിച്ച് ട്രംപ് പറഞ്ഞു. ആക്രമണത്തിന് മുമ്പ് പശ്ചിമേഷ്യയിലെ ഒരു പ്രധാന സഖ്യകക്ഷിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. എന്നാല്‍ അത് ഏത് രാജ്യമാണെന്ന് പറയാന്‍ അദ്ദേഹം തയ്യാറായില്ല.
അതേസമയം അമേരിക്കന്‍ പിന്തുണയോടെ ഇസ്രേയല്‍ നടത്തിയ ആക്രമണത്തിന് ഇരുരാജ്യങ്ങളും കനത്ത വിലനല്‍കേണ്ടി വരുമെന്നാണ് ഇറാന്‍ സൈന്യം അറിയിച്ചിരിക്കുന്നത്.
ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി, സൈനിക മേധാവി മുഹമ്മദ് ബഘേരി തുടങ്ങിയ സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്. കയ്പേറിയതും വേദനാജനകവുമായ വിധി ഇസ്രേയല്‍ സ്വയം നിര്‍ണയിച്ചിരിക്കുന്നു അവര്‍ക്കത് ലഭിച്ചിരിക്കുമെന്നാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയുടെ പ്രതികരണം.
Content Highlights: Trump says he was aware of strikes beforehand - but reiterates US was not involved
Published: 13 Jun 2025, 10:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented