ന്യൂഡൽഹി: വരുമാന സമത്വത്തിൽ മുന്നിട്ടുനിൽക്കുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ. ഏറ്റവും പുതിയ ലോക ബാങ്ക് റാങ്കിങ്ങിൽ 25.5 ജിനി സൂചികയോടെ ഇന്ത്യ നാലാം സ്ഥാനം നേടി. വരുമാന സമത്വത്തിൽ സ്ലോവാക് റിപ്പബ്ലിക്, സ്ലോവേനിയ, ബെലാറസ് എന്നീ രാജ്യങ്ങൾക്ക് പിന്നിൽ മാത്രമാണ് ഇന്ത്യ.

To advertise here,

''സാമ്പത്തിക പുരോഗതി ജനസംഖ്യയിലുടനീളം തുല്യമായി പങ്കിടുന്നത് എങ്ങനെയെന്ന് ഇത് പ്രതിഫലിപ്പിക്കുന്നു. ദാരിദ്ര്യം കുറയ്ക്കുന്നതിനും സാമ്പത്തിക പ്രവേശനക്ഷമത വിപുലീകരിക്കുന്നതിനും ഏറ്റവും ആവശ്യമുള്ളവർക്ക് നേരിട്ട് ക്ഷേമസഹായം നൽകുന്നതിനുമുള്ള ശ്രദ്ധയാണ് വിജയത്തിന് പിന്നിൽ.'' സാമൂഹ്യക്ഷേമ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 

ലോക ബാങ്കിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ ജിനി സ്‌കോർ ഇപ്പോൾ ചൈന (35.7), യുഎസ്(41.8), എല്ലാ ജി7, ജി20 രാജ്യങ്ങൾ ഉൾപ്പെടെ മിക്ക വികസിത രാജ്യങ്ങളേക്കാളും മുന്നിലാണ്. വരുമാന സമത്വം കൈവരിക്കുന്നതിൽ രാജ്യത്തിന്റെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിലെ മുന്നേറ്റം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 

2011-നും 2023-നും ഇടയിൽ 17.1 കോടി ഇന്ത്യക്കാർ അതിദാരിദ്ര്യത്തിൽനിന്ന് കരകയറി. ഈ കാലയളവിൽ ദാരിദ്ര്യനിരക്ക് കുത്തനെ കുറഞ്ഞു. പ്രതിദിനം 2.15 ഡോളർ എന്ന ആഗോള ദാരിദ്ര്യ പരിധി അടിസ്ഥാനമാക്കി, 16.2 ശതമാനത്തിൽനിന്ന് വെറും 2.3 ശതമാനമായി കുറഞ്ഞു.

സർക്കാർ സംരംഭങ്ങൾ ഈ പരിവർത്തനത്തിന് അടിത്തറ പാകിയെന്ന് റിപ്പോർട്ട് എടുത്തു പറയുന്നു. പ്രധാനമന്ത്രി ജൻ ധൻ യോജന പോലുള്ള പദ്ധതികൾ 55 കോടിയിലധികം ബാങ്ക് അക്കൗണ്ടുകളോടെ പൊതുജനങ്ങളുടെ സാമ്പത്തിക ഉൾക്കൊള്ളൽ വിപുലീകരിച്ചു. 142 കോടിയിലധികം ആളുകൾക്ക് ആധാർ ഉണ്ട്. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറുകളിലൂടെ ക്ഷേമസഹായ വിതരണം കാര്യക്ഷമമാക്കി, ഇതിലൂടെ 2023 മാർച്ചോടെ 3.48 ലക്ഷം കോടി രൂപ ലാഭം ഉണ്ടാക്കാൻ സാധിച്ചു.

കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്നതും 41 കോടിയിലധികം പേർ ഉൾക്കൊള്ളുന്ന ആയുഷ്മാൻ ഭാരത് വഴിയും ആരോഗ്യ സമത്വം മെച്ചപ്പെടുത്തി. ഭക്ഷ്യ സുരക്ഷാ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന 80 കോടിയിലധികം പൗരന്മാർക്ക് പ്രയോജനം ചെയ്തുവെന്നും ലോകബാങ്ക് റിപ്പോർട്ട് എടുത്തുപറയുന്നു.

വരുമാന വിതരണത്തിന്റെ തോത് അളക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന സൂചികയാണ് ജിനി. പൂജ്യം എന്ന സ്‌കോർ പൂർണ്ണ സമത്വത്തെയും 100 എന്ന സ്‌കോർ പരമാവധി അസമത്വത്തെയും സൂചിപ്പിക്കുന്നു. ഇന്ത്യയുടെ നിലവിലെ സ്‌കോർ(25.5)  ഗണ്യമായ പുരോഗതിയാണ് അടയാളപ്പെടുത്തുന്നത്, ഇത് തുല്യവളർച്ചയിലേക്കുള്ള സ്ഥിരമായ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.