ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതിയുടെ കാര്യത്തില്‍ കടുംപിടിത്തം തുടരുന്നതിനിടെ യുഎസിനെ സമാധാനിപ്പിക്കാന്‍ അവിടെനിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതിയും വര്‍ധിപ്പിക്കുന്നു. 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ യു.എസില്‍ നിന്നുള്ള ഊര്‍ജ ഇറക്കുമതി 51 ശതമാനം വര്‍ധിച്ചിരുന്നു. യുഎസുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സമയത്താണ് ഇന്ത്യ യു.എസില്‍ നിന്നുള്ള ക്രൂഡോയില്‍, പ്രകൃതിവാതക ഇറക്കുമതി വര്‍ധിപ്പിച്ചു തുടങ്ങിയത്. ഇന്ത്യയുമായുള്ള തങ്ങളുടെ വ്യാപാര കമ്മി നികത്തണമെന്നുള്ള യു.എസിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം കണക്കിലെടുത്തായിരുന്നു നീക്കം.

To advertise here,

2023-2024 സാമ്പത്തിക വര്‍ഷത്തില്‍ 141 കോടി ഡോളറിന്റെ (ഏകദേശം 12,295 കോടി രൂപ) പ്രകൃതിവാതക ഇറക്കുമതിയായിരുന്നു യുഎസില്‍ നിന്ന് നടന്നത്. എന്നാല്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ അത് 246 കോടി ഡോളര്‍ (ഏകദേശം 21,451 കോടി രൂപ) ആയി വര്‍ധിച്ചു. ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനവേളയില്‍ യു.എസില്‍ നിന്നുള്ള ഊര്‍ജ ഇറക്കുമതി വര്‍ധിപ്പിക്കുന്നതിന് ധാരണയായിരുന്നു. യു.എസില്‍ നിന്നുള്ള ക്രൂഡോയില്‍, പ്രകൃതിവാതക ഇറക്കുമതി 2500 കോടി ഡോളര്‍ (ഏകദേശം 2.18 കോടി രൂപ) ആക്കി ഉയര്‍ത്താന്‍ ഇന്ത്യ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.

2024-25 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 173 കോടി ഡോളര്‍ (ഏകദേശം 15,086 കോടി രൂപ) ആയിരുന്നു യു.എസില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി. 2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ അത് 370 കോടി ഡോളറായി (ഏകദേശം 32,265 കോടി രൂപ) ആയി ഉയര്‍ന്നു. ഈ പ്രവണത ഇപ്പോഴും തുടരുന്നുവെന്നാണ് കണക്കുകള്‍. ജൂലൈയിലെ വിവരങ്ങള്‍ പ്രകാരം ജൂണ്‍ മാസത്തേതിനെ അപേക്ഷിച്ച് 23 ശതമാനം അധികം ക്രൂഡോയില്‍ ഇന്ത്യ യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്. മുമ്പ് ഇന്ത്യയിലെ ക്രൂഡോയില്‍ വിപണിയില്‍ മൂന്നു ശതമാനമായിരുന്നു യുഎസിന്റെ സംഭാവനയെങ്കില്‍ ഇപ്പോഴത് എട്ട് ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. യു.എസില്‍ നിന്ന് ക്രൂഡോയിലും പ്രകൃതിവാതകവും വാങ്ങുന്നതിനുള്ള ദീര്‍ഘകാല കരാറിന് ഇന്ത്യന്‍ കമ്പനികള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.