റാവൽപിണ്ടി: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, റാവൽപിണ്ടിയിലെ ജയിലിൽ കൊല്ലപ്പെട്ടെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നതിൽ പ്രതികരിച്ച് പാക് മുൻമന്ത്രി ഫവാദ് ചൗധരി. ഇത്തരം തെറ്റായ പ്രചാരണങ്ങൾക്ക് പിന്നിൽ അഫ്ഗാനിസ്താനാണെന്നും പാകിസ്താനോടുള്ള പ്രതികാര നടപടിയെന്നോണമാണ് അവർ ഇങ്ങനെ ചെയ്യുന്നതെന്നും ഫവാദ് ആരോപിച്ചു.
പാകിസ്താൻ തെഹ്രിക്-ഇ-ഇൻസാഫ് (പിടിഐ) അധ്യക്ഷനായ ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന തരത്തിലുള്ള വാർത്തകൾ അഫ്ഗാൻ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 2019- ലെ ഇമ്രാൻ ഖാൻ സർക്കാരിലെ ഫെഡറൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായിരുന്ന ഫവാദ് ചൗധരി വിഷയത്തിൽ പ്രതികരണവുമായെത്തിയത്.
നവംബർ അവസാന വാരമാണ് അഫ്ഗാൻ ടൈംസ് ഉൾപ്പെടെ അഫ്ഗാനിസ്താനിൽ നിന്നുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകൾ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ ഇമ്രാൻ കൊല്ലപ്പെട്ടുവെന്ന് അവകാശ വാദമുന്നയിച്ചത്. പാകിസ്താൻ സൈനിക മേധാവി അസിം മുനീർ ഗൂഢാലോചന നടത്തിയതായും ഇക്കൂട്ടർ ആരോപിച്ചിരുന്നു. ഈ വർഷം ആദ്യം അഫ്ഗാൻ താലിബാൻ തലവൻ മുല്ല ഹൈബത്തുള്ള കൊല്ലപ്പെട്ടതായി പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുള്ള പകരം വീട്ടലായിരുന്നു അഫ്ഗാൻ മാധ്യമങ്ങളുടെ നടപടിയെന്നാണ് ഫവാദിന്റെ അവകാശവാദം.
ജയിൽ അധികൃതർ പോലും മരണവാർത്തകൾ നിഷേധിച്ചിട്ടുണ്ടെന്നും ഇമ്രാൻ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു അന്താരാഷ്ട്ര നേതാവിനെ കാണാനുള്ള അവകാശം നിഷേധിക്കുമ്പോൾ, ഇത്തരം അഭ്യൂഹങ്ങൾ പരക്കുക സ്വാഭാവികമാണെന്നും ഫവാദ് അഭിപ്രായപ്പെട്ടു.
2021-ൽ താലിബാൻ തലവൻ കൊല്ലപ്പെട്ടതായി പാകിസ്താൻ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ താലിബാൻ അത്തരം അവകാശവാദങ്ങൾ നിഷേധിച്ചിട്ടുണ്ട്. സമീപകാല അതിർത്തി സംഘർഷത്തെത്തുടർന്ന് പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധം വഷളായ സമയത്താണ് ഈ സംഭവം. ഇത് അഫ്ഗാനിസ്താനെ പ്രകോപിപ്പിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് മാസമായി ഇമ്രാൻ ഖാനെ കാണണമെന്ന സഹോദരിമാരുടെ ആവശ്യം പാകിസ്താൻ അധികൃതർ അനുവദിക്കാത്തതോടെയാണ് ഇമ്രാൻ മരിച്ചുവെന്ന അഭ്യൂഹങ്ങൾ ഉണ്ടായത്. തങ്ങളുടെ നേതാവിനെ കാണാൻ അനുമതി നൽകണമെന്ന ആവശ്യവുമായി നൂറുകണക്കിന് പിടിഐ തൊഴിലാളികൾ അഡിയാല ജയിലിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തിയതോടെ ഈ വിഷയം പാകിസ്താനെയും പ്രകോപിപ്പിച്ചിട്ടുണ്ട്.
Content Highlights: Fawad Chaudhry, former Pakistan minister, addresses rumors of Imran Khan`s death in jail, citing misinformation between Pakistan and Afghanistan.
Published: 28 Nov 2025, 10:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented