
ടെൽ അവീവ്: ഒരുമാസമായി ഇസ്രയേൽ-യു.എസ്. സഖ്യം ഇറാനുമായി നടത്തുന്ന യുദ്ധത്തിൽ പങ്കുചേർന്ന് യെമെനിലെ ഹൂതികൾ. ശനിയാഴ്ച ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈലുകളയച്ചാണ് ഇറാനെ പിന്തുണയ്ക്കുന്ന ഹൂതികൾ യുദ്ധത്തിലേക്കിറങ്ങിയത്. ഒരു മിസൈൽ ഇസ്രയേൽ നിർവീര്യമാക്കി. സൂയസ് കനാൽ സ്ഥിതിചെയ്യുന്ന ചെങ്കടലിലേക്കും യുദ്ധം വ്യാപിക്കുമോ എന്ന ആശങ്കയേറി.
ഇറാനുനേരേയും അവരുടെ സഖ്യകക്ഷികളായ സായുധസംഘങ്ങൾക്കുനേരേയുമുള്ള ആക്രമണങ്ങൾ അവസാനിക്കുംവരെ ഇസ്രയേലിനുനേരേയുള്ള ആക്രമണം തുടരുമെന്ന് ഹൂതികൾ പറഞ്ഞു. ഇറാനെ പിന്തുണയ്ക്കുന്ന ലെബനീസ് സായുധസംഘമായ ഹിസ്ബുള്ള നേരത്തേ യുദ്ധത്തിൽ കക്ഷിചേർന്നിരുന്നു. ഇതേത്തുടർന്ന് ഇസ്രയേൽ ലെബനനിൽ നടത്തുന്ന ആക്രമണത്തിൽ 1100 പേർക്ക് ജീവൻ നഷ്ടമായി.
ഇറാനിൽ യു.എസ്. കരയുദ്ധത്തിനിറങ്ങിയേക്കും എന്ന അഭ്യൂഹം ശക്തമാണ്. അങ്ങനെസംഭവിച്ചാൽ ഹൂതികളെ ഉപയോഗിച്ച് ചെങ്കടലിലൂടെയുള്ള കപ്പൽഗതാഗതം തടസ്സപ്പെടുത്തുമെന്ന് ഇറാൻ മുന്നറിയിപ്പുനൽകി. 2023-ൽ ഗാസയിൽ ഇസ്രയേലും ഹമാസും യുദ്ധം തുടങ്ങിയപ്പോൾ പലസ്തീൻകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൂതികൾ ചെങ്കടലിലൂടെപോകുന്ന ഇസ്രയേൽ ബന്ധമുള്ള കപ്പലുകളെ ആക്രമിച്ചിരുന്നു.
ചെങ്കടലും അടയുമോ?
യെമെൻ തീരത്തെ ബാബ് അൽ മാൻഡബ് കടലിടുക്കിലൂടെ പോകുന്ന ശത്രുരാജ്യങ്ങളുടെ കപ്പലുകളെയാകും ഹൂതികൾ ലക്ഷ്യമിടുക എന്നാണ് കരുതുന്നത്. തന്ത്രപ്രധാന ചരക്കിടനാഴിയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത് ആഗോളതലത്തിൽ എണ്ണവില 50 ശതമാനംവരെ ഉയരാനിടയാക്കിയിരുന്നു. ചെങ്കടലിലേക്കും യുദ്ധംപടർന്ന് സൂയസ് കനാൽ പ്രതിസന്ധിയായി പരിണമിച്ചാൽ ആഗോളസാമ്പത്തികസാഹചര്യം വീണ്ടും മോശമാകും. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരംകുറഞ്ഞ ചരക്കിടനാഴിയാണ് സൂയസ്. ആഗോളചരക്കുനീക്കത്തിന്റെ 12 ശതമാനവും ഇതിലൂടെയാണ് നടക്കുന്നത്.
Content Highlights: Houthi rebels enter the Israel-Hamas conflict via ballistic missile strikes., Rising concerns over the disruption of shipping lanes in the Suez Canal/Red Sea., Hezbollah's ongoing involvement and casualties in Lebanon., Iran's strategic threat to block maritime traffic if US ground war begins.
Published: 29 Mar 2026, 04:08 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented