വാഷിങ്ടൺ: എച്ച് വൺ ബി വിസയുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തി വൈറ്റ് ഹൗസ്. ഇത് വാർഷിക ഫീസ് അല്ലെന്നും ഒറ്റത്തവണ ഫീസാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. പുതിയ അപേക്ഷകരെ മാത്രമേ ഇത് ബാധിക്കൂ. നിലവിലെ എച്ച് വൺ ബി വിസക്കാരും എച്ച് വൺ ബി വിസാ പുതുക്കുന്നവരും ഈ ഫീസ് നൽകേണ്ടതില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
നിലവിലെ എച്ച് വൺ ബി വിസ ഉടമകൾക്ക് സാധാരണപോലെ അമേരിക്കയിൽ താമസിക്കുന്നതിനും രാജ്യം വിട്ട് പുറത്തേക്ക് പോകുന്നതിനും തിരികെ രാജ്യത്ത് എത്തുന്നതിനും മറ്റുതടസങ്ങളില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
യുഎസിൽ ജോലിചെയ്യാനാഗ്രഹിക്കുന്ന ഐടി പ്രൊഫഷണലുകളുൾപ്പെടെയുള്ള ഇന്ത്യക്കാരുടെ പ്രധാന ആകർഷണമായ എച്ച്1ബി വിസയ്ക്കുള്ള ഫീസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം കുത്തനെ കൂട്ടിയിരുന്നു. ഫീസ് ഒരുലക്ഷം ഡോളർ (88 ലക്ഷം രൂപ) ആക്കി ഉയർത്തിക്കൊണ്ടുള്ള എക്സിക്യുട്ടീവ് ഉത്തരവിൽ ട്രംപ് വെള്ളിയാഴ്ച ഒപ്പിട്ടു.
ഉത്തരവ് വന്നതോടെ വൻതോതിൽ ആശങ്ക പടർന്നിരുന്നു. വിവിധ ആവശ്യങ്ങൾക്കായി യുഎസിന് പുറത്തുപോയ എച്ച് 1 ബി വിസക്കാരോടും കുടുംബാംഗങ്ങളോടും 24 മണിക്കൂറിനകം തിരിച്ചുവരാനും വിവിധ കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. ഉത്തരവിലെ വ്യക്തതക്കുറവായിരുന്നു ഇതിനുപിന്നിൽ. ഇതോടെയാണ് ഉത്തരവിൽ കൂടുതൽ വ്യക്തതവരുത്തി വൈറ്റ് ഹൗസ് തന്നെ രംഗത്തെത്തിയത്.
നിലവിൽ എച്ച്1ബി വിസയ്ക്ക് 1700-5000 ഡോളർ (1.49 ലക്ഷം-4.4 ലക്ഷം രൂപവരെ) മാത്രമാണ് ചെലവ്. ഇന്ത്യൻ പ്രൊഫഷണലുകളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഈ തീരുമാനം. 12 മാസത്തേക്കാണ് ഉത്തരവ് ബാധകം. എച്ച്1ബി വിസ പദ്ധതി ദുരുപയോഗപ്പെടുത്തി വിദേശതൊഴിലാളികൾ അനധികൃതമായി കുടിയേറുന്നുണ്ടെന്നും ഇത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ട്രംപ് ആരോപിച്ചു. ഓരോ വർഷവും അനുവദിക്കുന്ന എച്ച്1ബി വിസയിൽ ഭൂരിപക്ഷവും നേടുന്നത് ഇന്ത്യക്കാരാണ്. 2024-ൽ 71 ശതമാനം. ചൈനക്കാരാണ് രണ്ടാമത് (11.7%).
Content Highlights: White House Clarifies New H-1B Fee as One-Time Charge for New Applicants
Published: 21 Sept 2025, 08:40 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented