വാഷിങ്ടണ്‍: ഖത്തറില്‍ ആക്രമണം നടത്താനുള്ള തീരുമാനം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റേതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആക്രമണം നടത്താനുളള തീരുമാനം തന്റേതായിരുന്നില്ലെന്നും അദ്ദേഹം സമൂഹമാധ്യമം ആയ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
'ഹമാസിന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തുകയാണെന്ന് യുഎസ് സൈന്യം ട്രംപ് ഭരണക്കൂടത്തെ അറിയിച്ചു. നിര്‍ഭാഗ്യവശാല്‍ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലായിരുന്നു ആക്രമണം. ആക്രമണം നടത്താനുള്ള തീരുമാനം നെതന്യാഹുവിന്റേതാണ്, എന്റേതല്ല. യുഎസിന്റെ അടുത്ത സഖ്യകക്ഷിയായ ഖത്തറിനുള്ളില്‍ ബോംബാക്രമണം നടത്തുന്നത് ഇസ്രയേലിന്റെയോ യുഎസിന്റെയോ ലക്ഷ്യങ്ങളെ മുന്നോട്ടുനയിക്കില്ല. അതേസമയം ഗാസയില്‍ ദുരിതമനുഭവിക്കുന്നവരുടെ കഷ്ടപ്പാടുകളില്‍ നിന്ന് നേട്ടമുണ്ടാക്കുന്ന ഹമാസിനെ തുടച്ചുനീക്കുന്നത് ഉചിതമായ ലക്ഷ്യമാണ്. വരാനിരിക്കുന്ന ആക്രമണത്തെക്കുറിച്ച് ഖത്തറിനെ അറിയിക്കാന്‍ സ്റ്റീവ് വിറ്റ്‌കോഫിനോട് നിര്‍ദേശിച്ചിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആക്രമണം തടയാന്‍ കഴിയാത്തവിധം വൈകിപ്പോയിരുന്നു. ഖത്തറിനെ അടുത്ത സുഹൃത്തും സഖ്യകക്ഷിയുമായാണ് യു.എസ് കാണുന്നത്. ആക്രമണം നടന്ന സ്ഥലത്തെക്കുരിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് വളരെ ദുഖമുണ്ട്. എല്ലാ ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും വിട്ടുകിട്ടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കൂടാതെ ഈ യുദ്ധം ഉടന്‍ അവസാനിക്കണം. ആക്രമണത്തിന് പിന്നാലെ ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചിരുന്നു. സമാധാനം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഈ ദൗര്‍ഭാഗ്യകരമായ സംഭവം സമാധാനത്തിനുളള ഒരു അവസരമായി മാറിയേക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഖത്തല്‍ പ്രധാനമന്ത്രിയുമായും ഞാന്‍ സംസാരിച്ചിരുന്നു. ഞങ്ങളുടെ രാജ്യത്തോടുള്ള അവരുടെ പിന്തുണയ്ക്കും സൗഹൃദത്തിനും നന്ദി അറിയിച്ചു. അവരുടെ മണ്ണില്‍ ഇത്തരമൊരു സംഭവം ആവര്‍ത്തിക്കില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കി. ഖത്തറുമായുള്ള പ്രതിരോധ സഹകരണ കരാര്‍ അന്തിമമാക്കാന്‍ ഞാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്', ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
Content Highlights: donald trump on israel attack against qatar
Published: 10 Sept 2025, 03:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented